ഉത്തരാഖണ്ഡ്: ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ ശക്തമായ മേഘവിസ്‌ഫോടനവും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയവും കാരണം വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യതു. നാലു പേര്‍ മരിച്ചതായാണ് നിലവില്‍ ലഭിച്ച വിവരം. ധാരാളം പേര്‍ വെള്ളത്തിനടയില്‍പെട്ടതായി സംശയിക്കപ്പെടുന്നു. തിരച്ചില്‍ തുടരുന്നു, കേന്ദ്ര സേനയുടെ സഹായം ലഭ്യമായിട്ടുണ്ട്.
സംഭവം നടന്നത് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍ഷില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. ഉച്ചകഴിഞ്ഞ് 1.45ഓടെ മലയില്‍ നിന്ന് കുത്തൊഴുകി വന്ന ശക്തമായ വെള്ളത്തില്‍ ധരാലി ഗ്രാമത്തിന്‍റെ ഒരു ഭാഗം തന്നെ ഒലിച്ചു പോയി. ലഭ്യമായ വിവരമനുസരിച്ച് 50 പേരെ കാണാതായിട്ടുണ്ട്. വാഹനങ്ങളും ഹോട്ടലുകളും ഹോംസ്‌റ്റേകളും വെള്ളത്തില്‍ ഒലിച്ചു പോയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ കൂടുതല്‍ ഹോട്ടലുകളും ഹോം സ്‌റ്റേകളുമുള്ള പ്രദേശം കൂടിയാണ് പ്രളയമുണ്ടായ ഈ സ്ഥലം. വെള്ളം കുത്തിയൊഴുകി വരുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രംഗം അതിഭീകരമാണ്
സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായ് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ടിബറ്റന്‍ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പട്രോള്‍ ടീം, ഇന്ത്യന്‍ സൈന്യം, അഗ്നിശമന സേന, പ്രദേശത്തെ പോലീസ് എന്നിവര്‍ സ്ഥലത്തുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭ്യമായതാണ് മേഘവിസ്‌ഫോടനത്തിന് കാരണമായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമിയുമായി സംസാരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പൂര്‍ണ്ണ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്രം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തിര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പര്‍ 01374222126, 01374222722, 9456556431