വാഷിങ്ടണ്‍: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗവും ഇന്നലെ മഡുറോയെ കീഴടക്കിയ ആക്രമണവും സംയോജിപ്പിച്ച് പരിഹാസ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇന്നലെ മഡുറോയേയും ഭാര്യയേയും തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്ത് വിട്ടത് 3000 കിലോമീറ്ററുകളോളം മൂന്ന് സ്ഥലങ്ങളില്‍ മാറ്റി ഇറക്കിയാണ് ഇരവുരേയും അമേരിക്കയിലേക്കെത്തിച്ചിരിക്കുന്നത്.
മഡുറോ അമേരിക്കന്‍ പ്രസിഡണ്ടിനെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ ആക്രമണ വീഡിയോയും കൂടെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെ പല നേതാക്കളും സംസാരിക്കുന്ന ഭാഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘വരൂ, എന്നെ കൊണ്ട് പോവൂ, പ്രസിഡണ്ടിന്‍റെ കൊട്ടാരത്തില്‍ ഞാന്‍ അദ്ദേഹത്തിനായ് കാത്തിരിക്കും, വൈകാതെ വരൂ, ഭീരൂ’ എന്നായിരുന്നു അന്ന് മഡുറോയുടെ പ്രസംഗം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജോയിന്റെ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റം ഹെഗ്‌സേത് എന്നിവര്‍ വ്യത്യസ്ഥ സമയങ്ങളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ ശകലങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.