ബെംഗളുരു: കാവേരി നദിക്ക് കുറുകെ മേകദാതു അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെയും തമിഴ്നാട്ടിലെയും കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യമായ വാക്പോര് രൂക്ഷമാകുന്നു. ഒരേ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തന്നെ അയൽസംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്കായി നേർക്കുനേർ എത്തിയതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വെള്ളിയാഴ്ചത്തെ പരിപാടിയിൽ വെച്ച്, മേകദാതു പദ്ധതിക്കാവശ്യമായ നിയമപരമായ അനുമതികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കുന്നത് തടയാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വേദിയിൽ തുറന്നടിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
എന്നാൽ, ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്യം ടാഗോർ രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിയെ ലംഘിക്കുന്ന നിലപാടാണിതെന്നും തമിഴ്നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അടിസ്ഥാന അവകാശങ്ങളും കർഷകരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദ്ധതി നടപ്പാക്കിയാലും തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലത്തിന്റെ അളവിൽ യാതൊരു കുറവുമുണ്ടാകില്ലെന്നാണ് കർണാടകയുടെ വാദം. എന്നാൽ, തുടക്കം മുതലേ പദ്ധതിയെ ശക്തമായി എതിർക്കുന്ന തമിഴ്നാട് നിലപാട് കടുപ്പിച്ചതോടെ വിഷയം കോൺഗ്രസ് ഹൈക്കമാൻഡിനും വലിയ തലവേദനയായി മാറുകയാണ്.