റാവൽപിണ്ടി: പ്രമുഖ പാകിസ്ഥാനി മാധ്യമപ്രവർത്തകയും ടെലിവിഷൻ വാർത്താ അവതാരകയുമായ റാബിയ അഹ്സാൻ (41) വെടിയേറ്റു മരിച്ചു. റാവൽപിണ്ടിയിലെ അദിയാല റോഡിലുള്ള ഗുൽഷനാബാദിലെ വസതിയിലാണ് അവരെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും സർക്കാർ ഉദ്യോഗസ്ഥനുമായ അഹ്സാൻ താഹിർ ഖാനെ റാവൽപിണ്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയും കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുക്കുകയും ചെയ്തു.
പാകിസ്ഥാനിലെ പ്രമുഖ ഉറുദു വാർത്താ ചാനലായ ’92 ന്യൂസ്’ അവതാരകയാണ് റാബിയ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കിടപ്പുമുറിയിലാണ് സംഭവം നടന്നത്. കഴുത്തിന്റെ മുൻഭാഗത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വെടിയൊച്ച കേൾക്കുമ്പോൾ റാബിയയുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിലെ ഗ്രേഡ്-18 ഉദ്യോഗസ്ഥനാണ് ഭർത്താവ് അഹ്സാൻ.
തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്നും താൻ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടി ഉതിർന്നതെന്നും അഹ്സാൻ പോലീസിനോട് പ്രാഥമിക മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതക സാധ്യത അടക്കം പോലീസ് പരിശോധിച്ചു വരികയാണെന്നും ഫോറൻസിക് സയൻസ് ഏജൻസി സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സദർ ബെയ്റൂണി പോലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ അഹ്സാനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച രാത്രിയും ടെലിവിഷൻ സ്ക്രീനിൽ പരിപാടി അവതരിപ്പിച്ച റാബിയയുടെ ആകസ്മിക വേർപാട് പാക് മാധ്യമലോകത്തെ വലിയ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരായ അബ്സ കോമൽ, റൗഫ് ക്ലാസ്ര തുടങ്ങിയ പ്രമുഖർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണവും നീതിയും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് പെൺമക്കളുടെ അമ്മയാണ് റാബിയ. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഭരണകൂട പ്രതിനിധികളും സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയിട്ടുണ്ട്.