ന്യൂഡല്ഹി: രാജ്യത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി മണ്ഡല പുനർനിർണയ ബില്ലിലെ വിവരങ്ങൾ പുറത്ത്. നിലവിലുള്ള മണ്ഡലങ്ങൾ വെട്ടിക്കുറയ്ക്കാതെ തന്നെ വനിതാ സംവരണം വേഗത്തിൽ നടപ്പാക്കുന്നതിനായി ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ 50 ശതമാനം വീതം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലാണ് ഈ ചരിത്രപരമായ നിർദേശങ്ങളുള്ളത്.
പുതിയ വ്യവസ്ഥകൾ പ്രകാരം ലോക്സഭയിലെ ആകെ പരമാവധി അംഗസംഖ്യ 550-ൽ നിന്ന് 850 ആയി ഉയരും. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങളിൽ നിന്നും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. സമാനമായി സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യ 500-ൽ നിന്ന് 650 ആക്കി ഉയർത്താനും ബില്ലിൽ നിർദേശമുണ്ട്. വർധിപ്പിക്കുന്ന സീറ്റുകളിലൂടെ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് (33 ശതമാനം) സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഉയർത്തിയിരുന്ന ആശങ്കകൾ പരിഹരിക്കാനുള്ള സുപ്രധാന നീക്കവും ബില്ലിലുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും നിലവിലെ സീറ്റ് പ്രാതിനിധ്യ വിഹിതം 2051 വരെ മരവിപ്പിക്കാനാണ് തീരുമാനം. ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയിക്കുമ്പോൾ തങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന തെക്കൻ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ താൽക്കാലിക പരിഹാരമാകും. പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങളിലെ വനിതകൾക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.
നേരത്തെ ഏപ്രിലിൽ ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലുകൾക്ക് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായിരുന്നില്ല. അന്ന് സീറ്റ് വർധനയുടെ വ്യക്തമായ വ്യവസ്ഥകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് നവംബർ 30 മുതൽ ഡിസംബർ 3 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പഴയ ബില്ലുകൾ പിൻവലിച്ച് പുതിയ മൂന്ന് ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. 2029-ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപ് തന്നെ വനിതാ സംവരണം യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.