റാസൽഖൈമ: യുഎഇയെ നടുക്കിയ റാസൽഖൈമ ബസ് അപകടത്തിൽ മരിച്ചവരിൽ നാല് മലയാളികളെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഷ്റഫ് കൊളങ്ങരടി അറ്റേങ്ങാനം (53), മുഹമ്മദ് ആഷിഖ് (29), സങ്കീർത്ത സുരേഷ് (26), ഹേമന്ത് പുതിയ കാവിൽ (29) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിൽ 41 യാത്രക്കാരുമായി പോയ ബസ്, തകരാറിലായി റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ ആകെ 13 പേർ മരിച്ചതായി റാസൽഖൈമ പോലീസ് സ്ഥിരീകരിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് ഇന്ത്യക്കാർ കൂടി മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
മികച്ച ഭാവിയും പുതിയ ജോലിയും സ്വപ്നം കണ്ട് വിസ പുതുക്കുന്നതിനായി ഒമാനിൽ പോയി മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. ഉമ്മുൽഖുവൈനിൽ ശീതളപാനീയ വിതരണ സ്ഥാപനം നടത്തിയിരുന്ന അഷ്റഫ്, ബിസിനസിലെ പ്രതിസന്ധികളെ തുടർന്ന് ഇൻവെസ്റ്റർ വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെയാണ് സന്ദർശക വിസയിലേക്ക് മാറാൻ യാത്ര തിരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിന് പോയി മടങ്ങിയതായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് ആൺമക്കളെ നഷ്ടപ്പെട്ട അഷ്റഫിന്‍റെ വിയോഗം കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. ഈ വർഷം ആദ്യം വിവാഹിതനായ മുഹമ്മദ് ആഷിഖ്, കഫറ്റീരിയയിൽ ലഭിച്ച ജോലിയുടെ എംപ്ലോയ്‌മെന്‍റ് വിസ ലഭിക്കാൻ താമസിച്ചതിനെ തുടർന്നാണ് വിസ പുതുക്കാനായി ഒമാനിലേക്ക് പോയത്.
മരിച്ചവരിൽ ഏക വനിതയായ കംപ്യൂട്ടർ സയൻസ് എൻജിനീയർ സങ്കീർത്ത സുരേഷ്, മറൈൻ മേഖലയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള വിസ നടപടികൾക്കായാണ് യാത്ര തിരിച്ചത്. മെക്കാനിക്കൽ എൻജിനീയറായ ഹേമന്ത് പുതിയ കാവിലും പുതിയ കമ്പനിയിൽ ജോലിക്ക് കയറുന്നതിന് മുന്നോടിയായി സന്ദർശക വിസയിലേക്ക് മാറുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെയും മൃതദേഹങ്ങളെയും വിവിധ എമിറേറ്റുകളിലെ ആശുപത്രികളിലേക്ക് മാറ്റിയതിനാൽ ഉറ്റവരെ കണ്ടെത്താൻ ബന്ധുക്കൾ മണിക്കൂറുകളോളം ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നു.
ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവയുടെ ചുമതലയുള്ള ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി റാസൽഖൈമ പോലീസ് ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. മരിച്ച ഇന്ത്യക്കാരുടെ ഔദ്യോഗിക കണക്കുകൾ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് സ്ഥിരീകരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.