ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണം വിട്ട വാൻ റോഡരികിലെ വേപ്പുമരത്തിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 4.05-ഓടെ ജംബുനാഥപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തുറയൂർ–മുസിരി റോഡിലെ കോത്തൂർപ്പട്ടി ഫോർ റോഡ്സിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
നാമക്കൽ ജില്ലയിലെ എരുമപ്പെട്ടിയിൽ സഹപ്രവർത്തകന്റെ വീട്ടിൽ നടന്ന കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തഞ്ചാവൂരിലെ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വാനിലുണ്ടായിരുന്നത്. യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡരികിലെ വേപ്പുമരത്തിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. വാനിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റ് അഞ്ച് പേരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻതന്നെ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങി.
തഞ്ചാവൂർ തിരുക്കാട്ടുപ്പള്ളി മഹാരാജപുരം സ്വദേശികളായ മാണിക്യം, മുരുകൻ, രാജേഷ്, ശക്തിവേൽ, സുബ്രഹ്മണി, തഞ്ചാവൂർ സാത്തനൂർ സ്വദേശി സംഗിലി, വില്ലുപുരം ജില്ലക്കാരായ പാവാടൈ, സീതാരാമൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സാത്തനൂർ സ്വദേശികളായ രാമലിംഗം, രാമർ എന്നിവർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ജംബുനാഥപുരം പൊലീസ് കേസെടുത്ത് അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.