ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് യുദ്ധ വിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്ന് തന്ത്രങ്ങള്‍ മാറ്റിയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ പറഞ്ഞു. അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.
നാലു ദിവസത്തില്‍ ഒരിക്കല്‍ പോലും ആണവായുധ ഉപയോഗങ്ങളൊന്നും ചര്‍ച്ചയിലുണ്ടായിട്ടില്ലെന്നും അദ്ദേഹം തന്‍റെ പ്രസ്താവനയില്‍ അറിയിച്ചു. പാക്കിസ്ഥാന്‍റെ എല്ലാ വാദങ്ങളും ശരിയല്ലെന്നും ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നുമുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ട്രംപിന്‍റെ പ്രസ്താവനകളും ഇന്ത്യ തള്ളിക്കളഞ്ഞു. ‘തന്‍റെ രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്നതെന്നും ആണവായുധ ഉപയോഗത്തിന് സാധ്യതയുണ്ടായിരുന്ന സാഹചര്യം ഞാന്‍ ഇടപെട്ടാണ് നിര്‍ത്തിയതെന്നും’ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ ഇത് പാടെ നിഷേധിച്ചിരുന്നു.
ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം നിര്‍ത്തിയത് പരസ്പര ചര്‍ച്ചയിലൂടെയാണെന്നും മൂന്നാമത് ബാഹ്യ ശക്തിയുടെ ഇടപടെല്‍ നടന്നിട്ടില്ലെന്നും ആണവായുധ ചര്‍ച്ച ഒരിക്കല്‍ പോലും ഇന്ത്യ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.