നിലമ്പൂര്‍: കേരളം ഏറെ ആകാംശയോടെ ഉറ്റുനോക്കുന്ന നിലമ്പൂര്‍ തെരെഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ആദ്യം മത്സരത്തിനില്ലെന്ന് പറഞ്ഞ അന്‍വര്‍ താന്‍ മത്സരിക്കുമെന്ന് അറിയിച്ചു. തൃണമൂലിന് വേണ്ടിയായിരിക്കും അന്‍വര്‍ കളത്തിലിറങ്ങുക. തൃണമൂലിന്‍റെ ഔദ്യോഗിക ചിഹ്നമായ പൂവും പുല്ലും അടയാളത്തില്‍ അന്‍വർ മത്സരിക്കും. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇന്ന് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
‘തന്‍റെ മത്സരം പിണറായിസത്തിനെതിരാണെന്നും വിഡി സതീശനും ആര്യാടന്‍ ഷൗക്കത്തിനും പിണറായിയെ താഴെയിറക്കാന്‍ സാധ്യമല്ലെന്നും തന്‍റെ ജീവന്‍ നിലമ്പൂരുകാര്‍ക്കുള്ളതാണെന്നും നിലമ്പൂരിലെ ജനങ്ങളാണ് സ്ഥാനാര്‍ത്ഥിയെന്നും’ അദ്ദേഹം പറഞ്ഞു.
ഇതോടെ നിലമ്പൂര്‍ മണ്ഡലം ചതുഷ്‌കോണ മത്സരത്തിന് വേദിയാവുകയാണ്. എസ്ഡിപിഐയും മത്സര രംഗത്തുണ്ടെങ്കിലും പ്രതീക്ഷിക്കാവുന്ന മുന്നേറ്റം നടത്താന്‍ സാധിക്കാത്തതിനാല്‍ മുന്‍നിരയില്‍ അവര്‍ ഇടം പിടിക്കില്ല. അന്‍വറിന്‍റെ പ്രഖ്യാപനത്തോടെ സമീപകാലത്തെ കേരളത്തിലെ ഏറ്റവും വലിയ തെരെഞ്ഞെടുപ്പിന് പോരാട്ട ഭൂമിയായി മാറിയിരിക്കുകയാണ് നിലമ്പൂര്‍.
നാളെ അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും. ചിഹ്നം സംബന്ധിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. ‘നിലമ്പൂരിലെ ജനവികാരം ആര്യാടന്‍ ഷൗക്കത്തിനെതിരാണെന്നും താന്‍ മത്സരിക്കാനുള്ള പണം ജനങ്ങളാണ് തരുന്നതെന്നും’ അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സന്ദര്‍ശനത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാചാലനായി. ‘രാഹുല്‍ പിണറാസിയത്തിന്‍റെ ഇരയാണെന്നും പിണറായിക്കെതിരെ സംസാരിക്കുന്ന വ്യക്തിയാണദ്ദേഹമെന്നും അന്‍വര്‍ വ്യക്തമാക്കി’.