ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജരംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാന നിയമസഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദീപക് ബാബറിയ അറിയിച്ചു. ബജരംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി തെരെഞ്ഞെടുത്തു. സ്ഥാനം ഏറ്റെടുത്ത വിവരം എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലാണ് അറിയിച്ചത്. നിലവില്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഇരുവരും സ്ഥാനം രാജിവെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അതേ സമയം വിനേഷിന്‍റെയും ബജരംഗ് പൂനിയയുടെയും തീരുമാനം വ്യക്തിപരമാണെന്നും പാര്‍ട്ടീ ഓഫറുകള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും ഉദ്ദേശ ലക്ഷ്യം പൂര്‍ത്തിയാവുന്നത് വരെ പോരാടുമെന്നും മറ്റൊരു ഗുസ്തി താരമായ സാക്ഷി മാലിക് പറഞ്ഞു.
സെപ്റ്റംബര്‍ നാലിന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയമായും കെ സി വേണുഗോപാലുമായും ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ചെന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.
‘കായിക താരങ്ങളുടെ നീതിക്ക് വേണ്ടി കോണ്‍ഗ്രസ് എന്നും പോരാടുമെന്നും കോണ്‍ഗ്രസിലുള്ള വിശ്വാസമാണ് ഇവരുടെ പാര്‍ട്ടീ പ്രവേശനമെന്നും’ എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ അറിയിച്ചു.