ഒരു വ്യാഴ വട്ടക്കാലത്തിന് ശേഷം കിരീടം ഇന്ത്യയിലേക്ക്
ഹിറ്റ്മാന്‍റെ നേതൃത്വത്തില്‍ ഫൈനല്‍ വിജയം
ദുബായ്: ആവേശക്കടല്‍ പോലെ സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയ ഇന്ത്യന്‍ കാണികള്‍ക്ക് വിരുന്നൊരുക്കി 2025 ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കി. കിവികളെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഒരു വ്യാഴവട്ടക്കാല കാത്തിരിപ്പിന് വിരാമമിട്ട് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. ദുബായ് എന്ന ഭാഗ്യ ഗ്രൗണ്ട് ഇന്ത്യയെ ചിതിച്ചില്ല. ദുബായില്‍ ഈ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് കിവികളുടെ രണ്ടാമത്തെ തോല്‍വിയും കൂടിയാണിത്. ഹിറ്റ്മാന്‍റെ ക്യാപ്റ്റന്‍സിയിലും പെര്‍ഫോമന്‍സിലുമാണ് ഫൈനല്‍ കിരീടം ഇന്ത്യയ്ക്ക് സ്വന്തമാക്കാനായത്. വേള്‍ഡ് കപ്പിന് ശേഷം ചാപ്യന്‍സ് ട്രോഫിയും ഇന്ത്യയിലേക്കെത്തുന്നതോടെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് ഒരു പൊന്‍ തൂവലും കൂടി ചാര്‍ത്തപ്പെട്ടു.
ആദ്യം ടോസ് ലഭിച്ച കിവികള്‍ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഇന്ത്യയുടെ സ്പിന്‍ ത്രയത്തിന് മുന്നില്‍ കിവീസിന് മികച്ച് പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല. വരുണ്‍ നേതൃത്വം നല്‍കിയ സ്പിന്‍ അറ്റാക്കില്‍ കുല്‍ദീപിലൂടെ രച്ചിന്‍ രവീന്ദ്ര വീണതോടെ കിവികള്‍ക്ക് പിന്നെ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടേണ്ടി വന്നു. ഓപ്പണര്‍മാരടക്കം ആദ്യത്തെ മൂന്ന് പേരെ ഇരുവരും കൂടി പവലിയനിലേക്ക് മടക്കിയയച്ചു. പിന്നീട് തുഴഞ്ഞ പ്രകടനമായിരുന്നു കിവികളുടേത്. അവസാനം വാലറ്റത്ത് മിച്ചല്‍ ബ്രേസ് വെല്ലിന്‍റെ പ്രകടനമായിരുന്നു ന്യൂസിലാന്‍ഡ് സ്‌കോര്‍ 250ലെത്തിച്ചത്. ന്യൂസിലാന്‍ഡിന് വേണ്ടി ഡാര്‍ലി മിച്ചല്‍ 101 പന്തില്‍ 63 റണ്‍സും മിച്ചല്‍ ബ്രേസ് വെല്‍ 40 പന്തില്‍ 53 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിശ്ച്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സായിരുന്നു കിവകളുടെ സമ്പാദ്യം.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു ഗില്ലും രോഹിതും നല്‍കിയത്. ഗില്ലിന്‍റെ ഷോട്ടില്‍ അപ്രതീക്ഷിതമായി പന്ത് ഫിലിപ്‌സിന്‍റെ കയ്യിലൊതുങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. 50 പന്തില്‍ 31 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. രണ്ടാമനായി വന്ന കോഹ്ലിക്ക് ഒരു റണ്‍ മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളു. പിന്നീടങ്ങോട്ട് രോഹിതും ശ്രേയസ്സും കൂടിയുള്ള ബാറ്റിംഗായിരുന്നു. കിവികള്‍ക്ക് ഒരു അവസരവും നല്‍കാതെയുള്ള കൂട്ടുകെട്ട് തകര്‍ന്നതോടെ നേരിയ തോതില്‍ ഇന്ത്യ ഭയന്നെങ്കിലും. രാഹുലും അക്‌സറും ഹര്‍ദ്ദിക്കും അവസാനം അത് നിശ്പ്രയാസം മറി കടക്കുകയായിരുന്നു. സെമീ ഫൈനലിലെന്ന പോലെ സമ്മര്‍ദ്ദ സമയത്ത് ഹര്‍ദ്ദിക്കിന്‍റെ ബാറ്റില്‍ നിന്നും വീണ ബൗണ്ടറികളാണ് ഇന്ത്യയെ പെട്ടെന്ന് വിജയത്തിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് 83 പന്തില്‍ 7 ഫോറും 3 സിക്‌സോടെ 76 റണ്‍സും, ശ്രേയസ് 62 പന്തില്‍ 2 ഫോറും 2 സിക്‌സും ഉള്‍പ്പടെ 48 റണ്‍സും, രാഹുല്‍ 33 പന്തില്‍ 34 റണ്‍സും, ഹര്‍ദ്ദിക് 18 പന്തില്‍ 18 റണ്‍സും സ്‌കോര്‍ ചെയ്തു. ന്യൂസിലന്‍ഡിന് വേണ്ടി ക്യാപ്റ്റന്‍ സാന്‍റനറും ബ്രേയ്‌സ് വെല്ലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഫൈനല്‍ മത്സരത്തിലെ മികച്ച പ്രകടനത്തിന് രോഹിത് ശര്‍മ്മയെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാത്തിന് തെരെഞ്ഞെടുത്തു. പരമ്പരയിലുടനീളം കിവികളെ രക്ഷിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച രച്ചിന്‍ രവീന്ദ്രയാണ് പരമ്പരയിലെ താരം.