ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഡല്‍ഹി തിരഞ്ഞെുടുപ്പ് വിധിയെഴുതിയതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. 2 ഫലങ്ങള്‍ ഒഴികെ ബാക്കി എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണം ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ നിശ്ചലത തന്നെയാണ് പ്രവചനം. മദ്യനയ അഴിമതി മുതല്‍ യമുന ജല പരാമര്‍ശം വരെ കെജ്രിവാളിനും സംഘത്തിനും എതിരായിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എക്‌സിറ്റ് പോള്‍ ഫലം സത്യമായി പുലര്‍ന്നാല്‍ നീണ്ട രണ്ട് ഭരണ കാലഘട്ടങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണ മാറ്റം സംഭവിക്കും. ഇതിന് പുറമെ 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ബിജെപി വീണ്ടും അധികാരത്തില്‍ കയറുന്നത്.

ലോക്‌സഭാ തെരെഞ്ഞെടുപ്പിലും കാര്യമായി ബാധിച്ച എഎപി അതേ വഴിയാവും നിയമസഭാ ഇലക്ഷനുമെന്നാണ് കരുതപ്പെടുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ മടങ്ങിവരവ് ഒരു നിലക്കും ഡല്‍ഹി ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. അതിഷിയെ മുഖ്യമന്ത്രിയാക്കി എഎപി നടത്തിയ നാടകീയ നീക്കവും ഫലം ചെയ്തിട്ടില്ല.
ഇത്തവണ അധികാരം പിടിച്ചാല്‍ ക്രെഡിറ്റിന്‍റെ വലിയൊരു ഭാഗം ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അക്കൗണ്ടിലേക്ക് പോവും. മധ്യവര്‍ഗത്തെ കൂടെനിര്‍ത്തുന്ന പൊതുജനസൗഹൃദ്ദ ബജറ്റെന്നായിരുന്നു അവസാന ബജറ്റിനെ വിലയിരുത്തപ്പെട്ടത്. അത് തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ എക്‌സിറ്റ് പോളുകളും ഏകപക്ഷീയ പ്രവചനം നടത്തിയ ഒരേയൊരു കാര്യം കോണ്‍ഗ്രസിന്‍റെ വലിയ പരാജയമാണ്. ഏതായാലും പ്രതീക്ഷയോടെ മൂന്ന് പാര്‍ട്ടികളും ശനിയാഴ്ച്ച വരെ കാത്തിരിക്കും.