റിയാദ്/അബൂദാബി: മാനത്ത് അമ്പിളി തെളിഞ്ഞു, വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട ചൊല്ലി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നാളെ ചെറിയ പെരുന്നാളാഘോഷിക്കും. സഊദിയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. അതേ സമയം ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.
ശനിയാഴ്ച്ച റമദാന്‍ 29 ആയതിനാല്‍ രാജ്യത്തെ പൗരന്മാരോട് മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മാസപ്പറവി ദൃശ്യമാവുന്ന സാഹചര്യത്തില്‍ കോടതിയില്‍ സാക്ഷികള്‍ മുഖേന കാര്യമറിയിക്കണമെന്നാണ് ഉത്തരവ്. രാവിലെ സൂര്യോദയത്തിന് ശേഷം 20 മിനുറ്റ് കഴിഞ്ഞാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നിസ്‌കാരം നടക്കാറുള്ളത്.
സഊദിയില്‍ ചന്ദ്രപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യുഎഇയിലും നാളെയായിരിക്കും ചെറിയ പെരുന്നാളെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് യുഎഇയിലെ ഔദ്യോഗിക പെരുന്നാള്‍ അവധി.
കേരളത്തില്‍ നാളെ റമദാന്‍ 29 ആവുന്നതിനാല്‍ നാളെയായിരിക്കും മാസപ്പിറവി നിരീക്ഷണം നടത്തുക. മാസപ്പറവി ദൃശ്യമായാല്‍ തിങ്കളാഴ്ച്ച മലയാളികള്‍ പെരുന്നാളാഘോഷിക്കും, അല്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ചയായിരിക്കും കേരളത്തില്‍ പെരുന്നാള്‍.