ദുബായ്: യുഎഇ കറന്‍സി അന്താരാഷ്ട്ര തലത്തില്‍ ഇനി പുതിയ മുഖവുമായി പുറത്തിറങ്ങും. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് അന്താരാഷ്ട്ര തലത്തില്‍ ദിര്‍ഹത്തെ സൂചിപ്പിക്കുന്ന പുതിയ ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ ഇനി പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കപ്പെടുക.
ദിര്‍ഹത്തെ സൂചിപ്പിക്കുന്ന D എന്ന ഇംഗ്ലീഷ് കാപ്പിറ്റല്‍ ലെറ്ററില്‍ പതാകയെന്ന് തോന്നിപ്പിക്കുന്ന രണ്ട് വരകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. തിരശ്ചീനമായ വരകള്‍ രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരതയെ സൂചിപ്പിക്കുന്നവെന്നാണ് അധികൃതര്‍ അറിയിച്ചത്. അറബിക് കാലിഗ്രഫിയുടെ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ യുഇയുടെ വിനിമയത്തില്‍ ഈ ചിഹ്നമാവും ഇനി രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്.
ഡിജിറ്റല്‍ ദിര്‍ഹം പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ലോഗോയില്‍ യുഎഇ പതാകയുടെ നിറങ്ങള്‍ ഉള്‍ക്കോള്ളുന്ന ഒരു വൃത്താകൃതിയിലുള്ള രൂപകല്‍പ്പനയുമുണ്ട്.
അടുത്തിടെ യുഎഇ പുറത്തിറക്കിയ നോട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേപ്പറിന് പകരം പോളിമര്‍ ഉപയോഗിച്ചാണ് പുതിയ നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച കറന്‍സി നോട്ടിനുള്ള അവാര്‍ഡും യുഎഇ സ്വന്തമാക്കിയിരുന്നു.