ശ്രീനഗര്‍/ഷിംല: രാജ്യത്തിന്‍റെ വടക്കു ഭാഗത്തുള്ള രണ്ട് സംസ്ഥാനങ്ങളില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. രാവിലെ ഹിമാചല്‍ പ്രദേശിന്‍റെ പല ഭാഗങ്ങളിലുമുണ്ടായ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും ഉച്ചയാവുമ്പോഴേക്ക് ജമ്മു കശ്മീരിന്‍റെ പല ഭാഗങ്ങളിലും സംഭവിച്ചു. ഇരു പ്രദേശങ്ങളിലും സൈന്യവും സുരക്ഷാ സേനയും സ്ഥലത്തെ പോലീസും രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ട്. ഇരു സംസ്ഥാനത്തെ അധികൃതരുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് മേഘ വിസ്‌ഫോടനമുണ്ടായത്. ഇതില്‍ പാഡര്‍ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ വലിയ ആള്‍നാശം സംഭവിക്കാവുന്ന തരത്തിലാണ് വിസ്‌ഫോടനം നടന്നത്. 10 പേര്‍മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈന്യവും പോലീസും സുരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. എന്തുസഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ഹിമാചലിലെ കിന്നാവൂര്‍ ജില്ലയിലെ ഋഷി ഡോഗ്രി താഴ് വരയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമായിരുന്നു മിന്നല്‍ പ്രളയത്തിലേക്ക് നയിച്ചത്. ദുരഘടമായ പ്രദേശ സാഹചര്യവും കാലാവസ്ഥ പ്രതികൂലവും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമാവുന്നുണ്ട്. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലെ ധാരാളം പാലങ്ങല്‍ ഒലിച്ചു പോയിട്ടുണ്ട്. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍., ഗന്‍വി മേഖലയില്‍ പോലീസ് പോസ്റ്റ് ഒലിച്ചു പോയിട്ടുണ്ട്. ഷിംല ജില്ലയിലെ ക്യൂട്ട് കാവ് എന്നീ മേഖലയിലെ പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ ഇവിടെ പ്രദേശം ഒറ്റപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, നാല് പേരെ രക്ഷിച്ചതായും സൈന്യം അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ മഴ തുടരുന്നുണ്ട്. ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും പല ഭാഗങ്ങളിലും ശക്തമായ മഴ തടരുന്നു. ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടീച്ചിട്ടുണ്ട്. 17വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചിട്ടുള്ളത്.