കൊളംബോ: ഏറെ മാധ്യമ ശ്രദ്ധയോടെ പരിശീലക സ്ഥാനത്തേക്ക് കയറി വന്ന ഗംഭീറിന് അരങ്ങേറ്റ ഏകദിന പരമ്പരയില്‍ തന്നെ പിഴച്ചു. തന്‍റെ ടീമിന് ഒരു മത്സരത്തില്‍ പോലും ജയിക്കാനാവാതെ നാണം കെട്ട തോല്‍വിയോടെയാണ് പരമ്പര നഷ്ടമായത്. 1997ന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ പരമ്പര തോല്‍ക്കുന്നത്. മൂന്നാം ഏകദിനത്തില്‍ 110 റണ്‍സിന് തോറ്റതോടെ ഇന്ത്യ 3 ഏകദിന പരമ്പരയില്‍ 2-0ത്തിന് തോല്‍ക്കുകയായിരുന്നു.
മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 96 റണ്‍സെടുത്ത അവിഷ്‌കയുടെയും 59 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും നേതൃത്വത്തില്‍ 248 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 35 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയും വാലറ്റത്ത് 30 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ബാക്കിയുള്ളവരൊക്കെയും നിരാശപ്പെടുത്തി. ഇന്ത്യ 130 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി ദുനിത് വെല്ലാഗ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഏകദിനത്തില്‍ ഇന്ത്യയും ശ്രീലങ്കയും സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 35 റണ്‍സിന് ശ്രീലങ്ക ജയിക്കുകയായിരുന്നു.