എക്‌സിറ്റ് പോളുകളുടെ പ്രവചനം വീണ്ടും പാളി
ഹരിയാന/ജമ്മു: രാജ്യം ഉറ്റുനോക്കിയ മറ്റൊരു നിയമസഭാ പോരാട്ടത്തില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം തകിടം മറിച്ച് ഹരിയാനയില്‍ ബി. ജെ. പി. ഹാട്രിക്ക് ജയം നേടി. ജമ്മുവില്‍ ഒമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍. സി) കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഭരണമുറപ്പിച്ചു. ഹരിയാനയിലെ ജുലാനയില്‍ ശ്രദ്ധേയമായ പോരാട്ടം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഉജ്ജ്വല ജയം. 20 വര്‍ഷം കുത്തകയായ മണ്ഡലമാണ് ഇത്തവണ കന്നിയങ്കത്തില്‍ കോണ്‍ഗ്രസിന് സമ്മാനിച്ചത്.
എക്‌സിറ്റ് പോളുകളുടെ മുഴുവന്‍ പ്രവചനവും ഹരിയാനയില്‍ ബി. ജെ. പിയുടെ തോല്‍വിയായിരുന്നു. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടീ ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ആഘോഷങ്ങളൊക്കെ അതിരാവിലെ തുടങ്ങിയിരുന്നു. ഒരു സമയത്ത് 60 സീറ്റ് ലഭിച്ചിരുന്നെങ്കിലും പിന്നീട് അവസാനം താഴുകയായിരുന്നു. മധുര വിതരണമൊക്കെ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദം പങ്കിട്ടു. പക്ഷേ നഗര പ്രദേശങ്ങളിലെ വോട്ടില്‍ ബി. ജെ. പി. മുന്നേറുകയായിരുന്നു. അവസാന ഫലം വരുമ്പോള്‍ കേവല ഭൂരിപക്ഷം മറികടന്ന് 49 സീറ്റോടെ ബി. ജെ. പി മൂന്നാം പ്രാവശ്യവും അധികാരം നിലനിര്‍ത്തുകയായിരുന്നു.
ജമ്മുവില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ഏറെക്കുറെ ശരിയായിരുന്നുവെങ്കിലും ഒറ്റയ്ക്കുള്ള ഭരണം എന്‍. സിക്ക് ലഭിച്ചില്ല. കോണ്‍ഗ്രസിന് 12ല്‍ നിന്ന് സീറ്റ് നില ആറിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് എന്‍. സിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യാ സഖ്യം ഭരണം പിടിക്കുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവോടെ 42 സീറ്റായിരുന്നു എന്‍ സിക്ക് ലഭിച്ചത്. 28 സീറ്റില്‍ നിന്ന് പി. ഡി. പി. മൂന്നിലേക്ക് കൂപ്പു കുത്തുകയായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഒമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുതാഴ്‌വര ഭരിക്കും.