ലണ്ടന്‍: ക്രിക്കറ്റിന്‍റെ ചരിത്രം പറയുന്ന ലോഡ്സില്‍ ഓസീസ് പടയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് ബേഡിങ്ങാം അവസാന റണ്‍ കുറിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാല്‍ക്കണിയില്‍ തലതാഴ്ത്തി ഇരിക്കായിരുന്നു. ആകാശത്തേക്ക് നോക്കി ദൈവത്തെ സ്തുതിയോതി ഗാലറിയിലേക്ക് നോക്കി ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ കഴിഞ്ഞു പോയ പലതും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. നിറത്തിന്‍റെ പേരിലും കുടംബത്തിന്‍റെ പേരിലും വംശീയ അധിക്ഷേപം നേരിട്ട് തന്‍റെ കരിയറിലെ ആദ്യ നാളുകള്‍, എല്ലാം വെള്ളക്കാരുടെ മുന്നില്‍ തന്നെ തീര്‍ത്ത് കൊടുത്താണ് അഭിമാനമായ നേട്ടം കൈവരിച്ചത്. ഇനി ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തില്‍ ഈ നായകന്‍റെ പേരും കൂടി എഴുതപ്പെടും ലോര്‍ഡ് ബാവുമ. 1998ന് ശേഷമാണ് ഐസിസിയുടെ മറ്റൊരു കിരീടം ദക്ഷിണാഫ്രിക്കയിലെത്തുന്നത്.
ലോക കിരീടം നേടാനാവാതെ പല തവണ ഏകദിന ക്രിക്കറ്റില്‍ ഭാഗ്യമില്ലാത്ത പരാജയപ്പെട്ടുപോയ ഒരുപാട് കഥകള്‍ക്കാണ് ഇന്നലെ വിരാമമിട്ടത്. മാര്‍ക്രമും ബാവുമയും പൊരുതി നേടിക്കൊടുത്ത കിരീടം ദക്ഷിണാഫ്രിക്കന്‍ കരിയറിലെ ഒരു പൊന്‍തൂവലാണ്. രണ്ടാം ഇന്നിങ്‌സില്‍ വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 282 റണ്‍സായിരുന്നു. 5 വിക്കറ്റുകളും ഒരു ദിവസവും ബാക്കി നില്‍ക്കെ അവര്‍ വിജയം കണ്ടു. സ്കോര്‍: ഓസ്‌ട്രേലിയ 212, 207. ദക്ഷിണാഫ്രിക്ക -138, 282/5
പേസ് ബോളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ബാറ്റ് കൊണ്ട് അത്ഭുതം കാട്ടിയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമും ഉറച്ച പിന്തുണ സമ്മാനിച്ച ക്യാപ്റ്റന്‍ ടെംബ ബാവുമയും കൂടി ദക്ഷിണാഫ്രിക്കയെ ഈ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്.
മത്സരത്തിന്‍റെ നാലം ദിനം ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ 56 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സായിരുന്നു നേട്ടം. ക്യാപ്റ്റന്‍ ടെംബ ബാവുമയും ഓപ്പണര്‍ മാര്‍ക്രമുമായിരുന്നു ക്രീസില്‍ . ആദ്യ സെഷനില്‍ തന്നെ അവർ വിജയം നേടുമ്പോള്‍ മൂന്ന് വിക്കറ്റും കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. മാര്‍ക്രം (136), ബാവുമ (66), സ്റ്റബ്‌സ് (8) എന്നിവരുടെ വിക്കറ്റായിരുന്നു നഷ്ടപ്പെട്ടത്. വിജയ റണ്‍ കുറിക്കുമ്പോള്‍ ഡേവിഡ് ബേഡിങ്ങാമും (49 പന്തില്‍ 21), കൈല്‍ വെരെയ്‌നെയും (13 പന്തില്‍ 4)മായിരുന്നു ക്രീസില്‍. അതീവ ഫോമിലായിരുന്ന മാര്‍ക്രം ഗ്രൗണ്ട് വിടുമ്പോള്‍ ലക്ഷ്യത്തിലെത്താന്‍ 6 റണ്‍സ് മാത്രം വേണ്ടിയിരുന്നുള്ളു. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഹെഡ് ക്യാച്ചെടുത്തായിരുന്നു പുറത്തായത്.