ലണ്ടന്‍: അവസാന ദിവസം 35 റണ്‍സിന്‍റെ അകലത്തില്‍ വിജയവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ ആവേശകരമായ ജയം സ്വന്തമാക്കി. ഇരു ടീമുകള്‍ക്കും വിജയ സാധ്യത തുല്യമായ മാച്ചില്‍ അവസാന ദിവസത്തിലെ തുടക്കമനുസരിച്ചായിരിക്കും വിധി പറയുകയെന്നതായിരുന്നു മാച്ചിന്‍റെ വിലയിരുത്തല്‍. ഏഴാം വിക്കറ്റില്‍ കൂടിച്ചേര്‍ന്ന ജെയ്മി സ്മത്ത് ജെയ്മി ഓവര്‍ടെന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കിയ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയ്ക്ക് കളിയുടെ അവസാന ദിവസം മുന്‍തൂക്കം നല്‍കിയത്. ജയത്തോടെ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ- ഇംഗ്ലണ്ട് രണ്ട് ജയത്തോടെ സമനിലയില്‍ കലാശിച്ചു.
374 വിജയ റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജും പ്രസിദ് കൃഷ്ണയും വിരിഞ്ഞ് മുറുക്കുകയായിരുന്നു. 85.1 ഓവറില്‍ 367 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 30.1 ഓവര്‍ എറിഞ്ഞ സിറാജ് 104 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഹാരി ബ്രൂക്കും ജോ റൂട്ടും വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും 200 റണ്‍സിന്‍റെ കൂട്ടുക്കെട്ടോടെ സെഞ്ചുറിയും നേടി. ജോ റൂട്ടിനെ പ്രസീദ് മടക്കിയപ്പോള്‍ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് ജുറേലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. 6 വിക്കറ്റ് വീണ ഇംഗ്ലണ്ടിനെ ജെമ്മിമാര്‍ കൂടി രക്ഷിക്കുമെന്ന് കരുതിയെങ്കിലും അഞ്ചാം ദിവസം ഇരുവരും മടങ്ങിയതോടെ കളി മാറുകയായിരുന്നു. പക്ഷേ അപ്പോഴും ഒരുവശത്ത് നിന്ന് ആറ്റ്കിന്‍സണ്‍ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ടങ്കിനെ പ്രസീദ് വീഴ്ത്തിയതോടെ പരിക്കുമായി വിശ്രമത്തിലായിരുന്ന വോക്‌സിന് ഗ്രൌണ്ടില്‍ ഇറങ്ങേണ്ടി വന്നു. ഒരു കയ്യുമായി ഇറങ്ങിയ വോക്‌സിനെ നോണ്‍ സ്‌ട്രൈക്കില്‍ നിര്‍ത്തി വിജയ ശ്രമം നടത്തിയ ആറ്റകിന്‍സണെ സിറാജ് ബൗള്‍ഡ് ആക്കിയതോടെയാണ് ഇംഗ്ലണ്ട് പൂർണ്ണ പരാജയം സമ്മതിച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. യശ്വസി ജെയ്‌സ്വാളിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്‍റെ അവസാന വെടിക്കെട്ടും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിന്‍റെയും രവീന്ദ്ര ജഡേജയുടെയും അര്‍ദ്ധ സെഞ്ചുറിയുമായിരുന്നു ഇന്ത്യയ്ക്ക് 373 റണ്‍സിന്‍റെ ലീഡ് സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്‍റെ ലീഡാണ് സ്വന്തമാക്കിയത്. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 224 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു
പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഹാരി ബ്രൂക്ക് പരമ്പരയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 4 വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജ് കളിയിലെ താരവുമായി തെരെഞ്ഞെടുക്കപ്പെട്ടു.