ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വീണ്ടുമൊരു ദലിത് പ്രാതിനിധ്യം. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ബി ആര്‍ ഗവായ് പുതിയ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം ഇന്ത്യയുടെ 52ാം ചീഫ് ജസ്റ്റിസാണ്. മലയാളിയായ കെ ജി ബാലകൃഷ്ണന് ശേഷം ഈ പദവി അലങ്കരിക്കുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാം പ്രതിനിധി കൂടിയാണദ്ദേഹം.
ഇന്ന് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 1985ലാണ് ഗവായ് ആദ്യമായി അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായ രാജാ ഭോണ്‍സലെയ്ക്ക് കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987 മുതല്‍ 1990വരെ ഹൈക്കോടതയില്‍ സ്വതന്ത്രനായി പ്രാക്ടീസ് ആരംഭിച്ചു. 1992ല്‍ അസിസ്റ്റന്‍റ് ഗവണ്‍മെന്‍റ് പ്ലീഡര്‍, പിന്നീട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, 2000ത്തില്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, 2019ലാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തുന്നത്.
വഖഫ് ബില്ലായിരിക്കും അദ്ദേഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്ന്. ആറ് മാസമാണ് അദ്ദേഹത്തിന്‍റെ കാലാവധി. നവംബറില്‍ അദ്ദേഹം പടിയിറങ്ങും.