യാത്ര മുടങ്ങിയാല്‍ മുഴുവന്‍ റീഫണ്ടിനും നിര്‍ദ്ദേശം
ഡിസംബര്‍ 15ഓടെ പ്രശ്‌നത്തിന് മുഴുവന്‍ പരിഹാരമാകുമെന്ന് ഇന്‍ഡിഗോ
.ന്യൂഡല്‍ഹി: യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തിയ ഇന്‍ഡിഗോയുടെ വിമാന സർവ്വീസുകളുടെ പ്രശ്‌നത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബെര്‍സ്. ഡിസംബര്‍ 15ഓടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. സര്‍വ്വീസുകളുടെ എണ്ണം കൂടുതലായത് കൊണ്ടാണഅ സാധാരണ നിലയിലേക്ക് മാറാന്‍ സമയമെടുക്കുന്നത്. ഇന്ന് മാത്രം ഇന്‍ഡിഗോയുടെ 1000 സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇന്നലെയും 500 ഫ്‌ളൈറ്റുകള്‍ മുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ ആകെയുള്ള സര്‍വ്വീസുകളുടെ പകുതിയിലധികമാണ് ഇന്നത്തെ മാത്രം മുടങ്ങിയ വിമാന സര്‍വ്വീസുകളുടെ എണ്ണം.
ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ കാന്‍സല്‍ ചെയ്യുന്ന വിമാനങ്ങള്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുമെന്നും പ്രയാസം നേരിടുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യം നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. ലോഞ്ച് ആക്‌സസുള്ള ഇടങ്ങളില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും വിമാനത്താവളങ്ങളില്‍ ഭക്ഷണ സാഹചര്യമൊരുക്കുമെന്നും ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. യാത്രക്കാരുടെ പ്രയാസം രമ്യമായി പരിഹരിക്കാന്‍ വേണ്ടി മാത്രം നൂറ് കണക്കിന് ഹോട്ടല്‍ മുറികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് സര്‍വ്വീസുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം യാത്രയ്ക്ക് തയ്യാറാവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തില്‍ വന്ന പുതിയ ക്രൂ നിയമങ്ങളും ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങളുടെ റദ്ദാക്കലിലേക്ക് കൊണ്ടെത്തിച്ചത്. ഇതോടൊപ്പം വേണ്ട രീതിയില്‍ പുതിയ ജീവനക്കാരെ നിയമിക്കാത്തതും പ്രശ്‌നത്തിന് ആക്കം കൂട്ടി.
ഇന്‍ഡിഗോയുടെ യാത്ര മുടക്കം വന്നതോടെ മറ്റു വിമാന സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്കില്‍ നല്ല വര്‍ദ്ധനവുണ്ടായി. ടിക്കറ്റിന് ഡിമാന്‍ഡ് വന്നതോടെയാണ് ദേശീയ വിമാന സര്‍വ്വീസകളുടെയും അന്താരാഷ്ട്രാ വിമാന സര്‍വ്വീസുകളുടെയും ടിക്കറ്റ് നിരക്കില്‍ മാറ്റം വന്നത്. ഇതില്‍ ഗള്‍ഫ് മേഖലയിലെ യാത്രക്കാരാണ് ഏറെ പ്രയാസം നേരിട്ടത്. ഗള്‍ഫില്‍ ശൈത്യകാലമായതിനാല്‍ ഇരു ഭാഗത്തേക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പല യാത്രക്കാരെയും ശക്തമായി ബാധിച്ചിട്ടുണ്ട്.