അബൂദാബിയിലെ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
അബൂദാബി: യുദ്ധത്തിന്‍റെ പതിനേഴാം ദിവസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്‍ തുടരുന്നു. ഗള്‍ഫുമായുള്ള നയതന്ത്ര ബന്ധം പഴയത് പോല തുടരുമെന്ന് ഇന്നലെ പ്രസ്താവനയില്‍ ഇറാന്‍ പറഞ്ഞിരുന്നുവെങ്കില്‍ ആക്രണം പഴയത് പോലെ തന്നെ തുടരുന്നുവെന്നത് ഏറെ സങ്കടകരമാണ്.
ഇന്ന് പുലര്‍ച്ചെ ദുബായിലെ വിമാനത്താവളത്തിനടുത്തുള്ള എണ്ണ സംഭരണിയിലേക്ക് നടന്ന ഡ്രോണാക്രമണത്തില്‍ തീ ആളിപ്പടര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അത് നിയന്ത്രണ വിധേയമാക്കി. ദുബായ് മീഡിയ ഓഫീസായിരുന്നു പുലര്‍ച്ചെ നടന്ന ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷ മുന്‍നിര്‍ത്തി ദുബായിലേക്കും ദുബായില്‍ നിന്നുമുള്ള മുഴുവന്‍ വിമാനങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണ വിധേയമായ ഉടനെ ഭാഗീകമായി ചില വിമാനങ്ങള്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. സുരക്ഷ മുന്‍നിര്‍ത്തി രാവിലെ നാലോളം റോഡുകളും താത്കാലികമായി അടച്ചിട്ടിരുന്നു. എയര്‍പോര്‍ട്ട് റോഡ്, എയര്‍പോര്‍ട്ട് ടണല്‍, അല്‍ ഗറൂദ് ബ്രിട്ജ് റോഡ്, കാര്‍ഗോ വില്ലേജും മറാക്കേക്ക് റോഡ് കൂട്ടിമുട്ടുന്ന എയര്‍പോര്‍ട്ട് റോഡ് എന്നീ റോഡുകളായിരുന്നു അടച്ചിരുന്നത്.
ഇന്ന് രാവിലെ ഫുജൈറയിലെ എണ്ണ വ്യവസായ കേന്ദ്രത്തിലേക്ക് നടന്ന ഡ്രോണാക്രമണത്തില്‍ തീപിടിത്തുമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ആളപായമൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉമ്മുല്‍ ഖുവൈനിലെ കെട്ടിടത്തിനെ ലക്ഷ്യം വെച്ചുള്ള ഡ്രോണാക്രമണത്തില്‍ ചെറിയ രീതിയില്‍ തീ പിടിത്തമുണ്ടായതായി ഉമ്മുല്‍ ഖുവൈന്‍ മീഡിയ ഓഫീസ് അറിയിച്ചു. ബന്ധപ്പെട്ടവര്‍ ഉടനെ സ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. ആളപായങ്ങളൊന്നും ഇവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
അബൂദാബിയില്‍ നടന്ന ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടതായി അബൂദാബി മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബാഹിയ ഭാഗത്തായിരുന്നു നേരിട്ടുള്ള ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. ഫലസ്തീന്‍ പൗരനായ അദ്ദേഹം റോഡിലൂടെയുള്ള തന്‍റെ യാത്രയ്ക്കിടെയാണ് ആക്രമണം നടന്നിരിക്കുന്നത്.
അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിട്ട് നില്‍ക്കണമെന്നും ഔദ്യോഗിക വാര്‍ത്ത കുറിപ്പുകള്‍ മാത്രം വിശ്വസിക്കാനും യുഎഇ അധികൃതര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി.
യുദ്ധം തുടങ്ങിയത് മുതല്‍ 294 മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1600 ഡ്രോണുകളും യുഎഇ പ്രതിരോധിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു
”നമ്മള്‍ യുദ്ധമുഖത്താണ്, നിങ്ങളുടെ സുരക്ഷ തന്നെയാണ് മുന്‍ഗണന, കഴിവതും പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും രാജ്യം തയ്യാറാക്കും, നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വന്നിലെങ്കില്‍ ക്ഷമിക്കണം” എന്നായിരുന്നു മീഡിയയുടെ മുന്നില്‍ അദ്ദേഹം വ്യക്തമാക്കിയത്.