തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. അവഗണനാ മനോഭാവം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. 11 മണിമുതല്‍ 3 മണിവരെയുള്ള സമയത്ത് നേരിട്ട് സൂര്യതാപമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ശക്തമായ രോഗമുള്ളവര്‍ എന്നിവര്‍ ശക്തമായ മുന്‍കരുതലുകളെടുക്കണം. നിര്‍ലജീകരണം മുതല്‍ സൂര്യാഘാതം വരെ ഏല്‍ക്കാനാണ് സാധ്യതയെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഈ സമയങ്ങളിലെ ജോലിക്കാര്‍ അവരുടെ സമയം ക്രമീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയിട്ടില്ലെങ്കിലും വെള്ളം കുടിക്കല്‍ പതിവാക്കണം, കുട്ടികളില്‍ ഈ കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം, ദേഹാസ്വസ്ഥതയോ മറ്റോ തോന്നുന്ന പക്ഷം ഉടന്‍ തന്നെ ചികിത്സ തേടണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ചൂടുകാലത്ത് വര്‍ദ്ധിക്കുന്ന രോഗങ്ങളിലും ശ്രദ്ധ വേണം. ചൂട് കുരു, ചര്‍മ്മ രോഗങ്ങള്‍, സൂര്യാഘാതം, കഠിനമായ ക്ഷീണം, തലകറക്കം, മഞ്ഞപ്പിത്തം, വയറിളക്കം, നേത്ര രോഗങ്ങള്‍ എന്നിവയാണ് സാധാരണ കുടുതലായി കാണപ്പെടാറുള്ളത്. ഇതില്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജാഗ്രത കൂടുതല്‍ വേണം, ചൂടു കുരു വന്നാല്‍ വെയില്‍ ഏല്‍ക്കാതിരിക്കാനും ശ്രദ്ധവേണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുക. കുഞ്ഞുങ്ങള്‍ക്കും വെള്ളം കുടിപ്പിക്കാനായി രക്ഷിതാക്കള്‍ ശ്രമിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാതിരിക്കാനും ശ്രദ്ധിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ വെയിലത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കുക.
പാദരക്ഷകളും ഇളം നിറത്തിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക
ഉപ്പിട്ട കഞ്ഞിവെള്ളം, മോര്,നാരങ്ങാ വെള്ളം ധാരാളമായി കുടിക്കുക
കൂടുതല്‍ വെള്ളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുക
വീടിന്‍റെ ജനാലകളും വാതിലുകളും പകല്‍ സമയത്ത് തുറന്നിടുക. ചൂട് വര്‍ദ്ധിക്കാതിരിക്കാന്‍ അത് സഹായിക്കും.