കൊച്ചി: തൊടുപുഴയിലേക്ക് പോവാനിരുന്ന കെ.യു.ആര്‍.ടി.സി. എസി ലോഫ്ലോർ ബസ് ചിറ്റൂര്‍ റോഡ് വഴി എം.ജി. റോഡിലേക്ക് കടക്കുന്നതിനിടെ തീ പിടിച്ചു. പിന്നില്‍ വന്ന ബൈക്ക് യാത്രക്കാരനാണ് ബസ്സിന്‍റെ പിന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറെ അറിയിച്ചത്. തുടര്‍ന്ന് ബസ്സ് നിറുത്തുകയും മുഴുവന്‍ യാത്രക്കാരെയും പെട്ടെന്ന് പുറത്തിറക്കുകയും ചെയ്തു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മാത്രമല്ല റോഡ് തിരക്കില്ലാത്തതിനാലും തീ ആളിപ്പടര്‍ന്ന് പിടിക്കാന്‍ അടുത്ത് പമ്പുകളില്ലാത്തതിനാലും അധികം വൈകാതെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു.
എന്‍ജിന്‍ ഓഫായതോടെ ഡ്രൈവര്‍ക്ക് അപായ സൂചന ലഭിച്ചിരുന്നെങ്കിലും പിന്നിലെ യാത്രക്കാരന്‍റെ ഇടപെടലോടെയാണ് കാര്യം വ്യക്തമായതും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതും. ഡ്രൈവറും കണ്ടക്ടറും അടക്കം 28 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മുഴുവനും മറ്റൊരു ബസ്സില്‍ തൊടുപുഴയ്ക്ക് കയറ്റിവിട്ടു.
നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളിപ്പടരുന്നതിനാല്‍ അത് സാധ്യമാവാതെ വരുകയും തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണത്തിലാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വര്‍ഷം മാത്രം പഴക്കുമുള്ള ബസ്സായതിനാലും ഇടക്കിടെ അറ്റക്കുറ്റ പണികള്‍ ചെയ്യുന്നതിനാലും മറ്റു സാധ്യതകളൊക്കെ വിദൂരത്താണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമാവുകയുള്ളു.