ചെന്നൈ: രാഷ്ട്രീയത്തില്‍ ശക്തമായ വരവറിയിച്ച് നടന്‍ വിജയിയുടെ രാഷ്ടീയ പാര്‍ട്ടി ടി.വി.കെയുടെ ആദ്യ സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നു. പതിനായിരക്കണക്കിന് പേരാണ് സമ്മേളനത്തില്‍ സാന്നിധ്യമറിയിച്ചത്. വ്യക്തമായ നിലപാട് പറഞ്ഞായിരുന്നു സമ്മേളനം ആരംഭിച്ചത്. വിജയ് നടത്തിയ പ്രസംഗത്തിലെ ഓരോ വാക്കുകള്‍ക്കും പുതിയൊരു രാഷ്ട്രീയ പിറവിയുടെ ഊര്‍ജ്ജമുണ്ടായിരുന്നു. നിറഞ്ഞ കയ്യടികളോടെയായിരുന്നു സദസ്സ് ആ വാക്കുകള്‍ കേട്ടിരുന്നത്.
ഔദ്യോഗിക ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ റിമോട്ട് കണ്‍ട്രോളറുപയോഗിച്ച് പതാകയുയര്‍ത്തി. 100 അടി പൊക്കത്തിലായിരുന്നു കൊടിമരം നാട്ടിയിരുന്നത്. വിക്രവാണ്ടിയിലെ 85 ഏക്കറില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്തായിരുന്നു സമ്മേളനം.
സമ്മേളനത്തില്‍ തിരക്കിനിടയില്‍പെട്ട് നൂറിലധികം പേരാണ് കുഴഞ്ഞ് വീണത്. സംഭവസ്ഥലത്ത് 35ന് മുകളില്‍ ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. 2026 ആകുമ്പോഴേക്കും തമിഴ്‌നാട്ടിലെ മുന്‍നിര പാര്‍ട്ടികളില്‍ ഇടം പിടിക്കുമെന്നാണ് വിജയിയുടെ പ്രതീക്ഷ. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും 2026ലെ തിരെഞ്ഞെടുപ്പില്‍ ടി.വി.കെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി രാഷ്ട്രീയം പാടില്ലെന്നും വൃദ്ധര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്നും, സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യാന്‍ വേണ്ടിയാണ് രാഷ്ട്രീയത്തില്‍ വരവറിയിച്ചത്. ഇനി പിന്നോട്ടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗവര്‍ണ്ണര്‍ക്കെതിരെ ടി.വി.കെ പ്രമേയവും പാസ്സാക്കി. മൈക്ക് കയ്യിലെടുത്ത് ആര്‍ജ്ജവത്തോടെ പ്രസംഗം നടത്തിയ അദ്ദേഹം റാംപിലൂടെ നടന്ന് ജനങ്ങളെ മുഴുവനും അഭിവാദ്യം ചെയ്യാനും നേരം കണ്ടെത്തി.