691 കുടുംബങ്ങള്‍ക്ക് 15000 രൂപ നാളെ മുതല്‍ കൈമാറും
പാണക്കാട്: ചൂരല്‍മഴ-മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ പുനരധിവാസ ചര്‍ച്ചകള്‍ പലയിടത്തും സജീവമാണ്. അതിനുള്ള ഫണ്ടുകള്‍ പല തരത്തിലുള്ള ഉറവിടങ്ങളിലൂടെ സമാഹരിച്ചു വരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൂടുതല്‍ പണം ഒഴുകുന്നത്. പക്ഷേ, ഏറ്റവും സുതാര്യമായ ഫണ്ട് ശേഖരണത്തിന് ജനശ്രദ്ധ നേടിയത് മുസ്ലിംലീഗിന്‍റെ ആപ്പിലൂടെയുള്ള ഫണ്ട് ശേഖരണമായിരുന്നു. നിലവില്‍ ഫണ്ട് സമാഹരണത്തിനിടയില്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച മുസ്ലിംലീഗിന്‍റെ പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ‘ഗവണ്‍മെന്‍റിനെ വെല്ലുന്ന പാര്‍ട്ടീ പ്രവര്‍ത്തനം’ എന്നാണ് പലരും ഇതിനെ വിലയിരുത്തിയിരിക്കുന്നത്.
ഇന്നലെയായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ വയനാട്ടിലേക്കുള്ള അടിയന്തിര സഹായ പ്രഖ്യാപനമുണ്ടായത്. ഒന്നരക്കോടി രൂപയുടെ അടിയന്തിര സഹായ പ്രഖ്യാപനമാണ് നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും പാര്‍ട്ടീ ജന.സെക്രട്ടറി പി. എം. എ. സലാമും തങ്ങളോടൊപ്പമുണ്ടായിരുന്നു. ഫണ്ട് വിനിയോഗവും ആപ്പിലൂടെ വെളിപ്പെടുത്തുമെന്ന് പറഞ്ഞ മുസ്ലിംലീഗിന്‍റെ സാമ്പത്തീക സുതാര്യതയിലാണ് സോഷ്യല്‍ മീഡിയ പ്രശംസ അറിയിച്ചത്.
നേരത്തെ സിനിമ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോയ് മാത്യു മുസ്ലിലീഗിന്‍റെ ഫണ്ട് സമാഹരണത്തെ അഭിനന്ദിച്ച് വന്നിരുന്നു. മറുനാടന്‍ മലയാളിയുടെ അവതാരകന്‍ സാജന്‍ സക്കറിയയും മുസ്ലിം ലീഗിന്‍റെ ആപ്പിലൂടെ തന്നെയായിരുന്നു ഫണ്ട് കൈമാറിയത്. പല ചാനലുകളും ഫണ്ട് ശേഖരണത്തിന്‍റെ സുതാര്യതയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ വെളിപ്പെടുത്തിയ അടിയന്തിര ധന സഹായം ഇവയാണ്
പൂര്‍ണ്ണമായി ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15000 രൂപ നല്‍കും, കടകള്‍ പൂര്‍ണ്ണമായ നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50000 രൂപ, ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, മൂന്ന് പേര്‍ക്ക് ഓട്ടോ റിക്ഷയും സമ്മാനിക്കും, വിദ്യഭ്യാസ യോഗ്യത അനുസരിച്ച് ഗള്‍ഫ് മേഖലയില്‍ കമ്പനി ജോലികള്‍ നല്‍കും. ദുരിതബാധിതര്‍ക്കുള്ള വീടുകള്‍ സര്‍ക്കാര്‍ അറിയിപ്പു വന്നയുടനെ തുടങ്ങും
ഇതില്‍ 691 കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് സയ്യിദ് സ്വാദിഖലി തങ്ങള്‍ അറിയിച്ചു.