ദേശീയ പാത അതോറിറ്റിയുടെ പ്രൊവിഷനല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ റീച്ചാണ് തലപ്പാടി-ചെര്‍ക്കള.
കാസറഗോഡ്: കാസറഗോഡ് ആതുരാലയത്തില്‍ നിന്ന് ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ മംഗലാപുരം നഗരം തൊടും മുമ്പേ ജീവനസ്തമിക്കാറുണ്ട്. പലപ്പോഴും പഴി കേള്‍ക്കാറുള്ളത് റോഡിന്‍റെ ശോചനീയ അവസ്ഥകള്‍ക്കായിരുന്നു. ദേശീയ പാത നവീകരണം പൂര്‍ത്തിയാവുന്നതോടെ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാവുന്നു. ദേശീയ പാത നവീകരണത്തില്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന വടക്കന്‍ കേരളത്തിലെ ദേശീയ പാതയ്ക്ക ഏറ്റവും വലിയ റീച്ചിന് അധികൃതര്‍ ഔദ്യോഗിക അനുമതി നല്‍കി. 39 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന തലപ്പാടി-ചെര്‍ക്കള റീച്ചിനാണ് ദേശീയ പാത അതോറിറ്റി പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
39 കിലോമീറ്റര്‍ ദൂരമാണ് ഈ പാത നിലകൊള്ളുന്നത്. ഈ റീച്ചില്‍ ഒറ്റത്തൂണില്‍ നിര്‍മ്മിതമായ കാസറഗോട്ടെ പാലത്തിന് ഇന്ത്യയിലെ ഒറ്റപ്പാലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും ഉയരവും വിതിയുമുള്ള മേല്‍പ്പാലമെന്ന റെക്കോര്‍ഡും കൂടിയുണ്ട്. കോയമ്പത്തൂര്‍ അവിനാശിയിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ടെങ്കിലും ഇവയുടെ വീതി 24 മീറ്ററാണ് പക്ഷേ കാസറഗോട്ടെ മേല്‍പ്പാലത്തിന് 27 മീറ്റര്‍ വീതിയുണ്ട്. കറന്തക്കാട് അഗ്നിരക്ഷാ സേനയുടെ ഓഫീസിനടുത്ത് നിന്ന് ആരംഭിച്ച പാലം നുള്ളിപ്പാടി വരെ 1.16 കിലോ മീറ്റര്‍ നീളത്തിലാണുള്ളത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ പാലം സഞ്ചാരത്തിന് തുറന്ന് കൊടുത്തിരുന്നു.
ദേശീയ പാതയിലെ 66 റീച്ചുകളില്‍ ആദ്യ പ്രവര്‍ത്തനാനുമതി ലഭിക്കുന്ന റീച്ചാണ് തലപ്പാടി-ചെര്‍ക്കള റീച്ച്. 2430 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 15 വര്‍ഷത്തേക്ക് ഇതിന്‍റെ മെയിന്‍റനന്‍സ് അനുമതി ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്.
തലപ്പാടി-ചെര്‍ക്കള റീച്ചിന്‍റെ ചുരുക്ക വിവരണം
- ആകെ 39 കിലോമീറ്റര്‍ ദൂരം
- 2 ഫ്‌ളൈ ഓവറുകള്‍ (ഉപ്പള, കാസറഗോഡ്)
- 4 പ്രധാന പാലങ്ങള്‍ (ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍)
- 4 ചെറിയ പാലങ്ങള്‍ (മഞ്ചേശ്വരം, പൊസോട്ട്, മംഗല്‍പാടി, എരിയാല്‍)
- 10 ഫൂട്ട് ഓവര്‍ ബ്രിഡ്ജ്
- 81 ക്രോസ് ഡ്രൈനേജ് ബോക്‌സ് കല്‍വെര്‍ട്ടുകള്‍