റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബൈക്കില്‍ അമിതവേഗത്തില്‍ വന്ന കാറിടിച്ച് രണ്ട് എമിറാത്തി പെണ്‍കുട്ടികള്‍ മരണപ്പെട്ടു. 37കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. 14ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടകളാണ് മരണപ്പെട്ടത്.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു റാസല്‍ ഖൈമയിലെ ഉള്‍റോട്ടില്‍ അപകടം സംഭവിച്ചത്. വിനോദ മോട്ടോര്‍ സൈക്കിളില്‍ വാഹനമോടിച്ച് കളിക്കുകയായിരുന്നു കുട്ടികളുടെ പിന്നിലേക്കാണ് അമിത വേഗത്തില്‍ വന്ന സ്വകാര്യ കാര്‍ ഇടിച്ചത്. അപകട സ്ഥലത്തേക്ക് പോലീസും ആംബുലേന്‍സും പാഞ്ഞെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ട്രാഫിക്ക് നിയമങ്ങളും വേഗപരിധികളും നിയന്ത്രിക്കണമെന്നും റാസല്‍ഖൈമ പോലീസ് അറിയിച്ചു. നിയമലംഘനത്തിന് കടുത്ത ശിക്ഷ നടപ്പാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.