പാലക്കാട്: അവസാനം തിരഞ്ഞെടുപ്പ് ചിഹ്നം ഉറപ്പിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. ഓട്ടോയായിരുന്നു സരിന്‍റെ ആഗ്രഹമെങ്കിലും സ്റ്റെതസ്ക്കോപ്പാണ് ലഭിച്ചത്. ഓട്ടോ ആവശ്യപ്പെട്ട മറ്റു രണ്ടു സ്വതന്ത്രരും മത്സരത്തിനുണ്ടായതിനാല്‍ തെരെഞ്ഞെടുപ്പിലൂടെയാണ് ചിഹ്നം ഉറപ്പിച്ചത്. ചേലക്കരയില്‍ പി.വി. അന്‍വറിന്‍റെ ഡി.എം.കെ. സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനാണ് ഓട്ടോ ചിഹ്നമായി അനുവദിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ തെരെഞ്ഞെടുത്തതിലുള്ള പ്രതിഷേധമായിരുന്നു സരിന്‍റെ ഇടതു ചാട്ടത്തിന് കാരണമായത്. സ്റ്റെതസ്കോപ്പാണ് സരിന് മികച്ച ചിഹ്നമെന്ന് ഇടതു പക്ഷം അഭിപ്രായപ്പെട്ടു.
പാലക്കാട് മത്സരത്തിന് 12 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിന് മാത്രം രണ്ട് അപരന്മാരുണ്ട്. എല്‍.ഡി.എഫിന്‍റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമർപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോളുടെ പത്രിക സി.പി.എം. പിന്‍വലിച്ചേക്കും.
‘പാലക്കാട് പലരുടെയും ചങ്കിടിപ്പറിയാന്‍ ചിഹ്നം സഹായകമാകുമെന്നാണ്’ ചിഹ്നത്തെ കുറിച്ച് ഡോ. സരിന്‍ അഭിപ്രായപ്പെട്ടത്.