റിയാദ്: പ്രതീക്ഷയുടെ പുതിയ കരാറില്‍ ഒപ്പുവെച്ച് ഖത്തറും സഊദി അറേബ്യയും. ഇനി റിയാദില്‍ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂറില്‍ പറന്നെത്താം. ഇന്ന് റിയാദില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് സഊദിയില്‍ നിന്നും ഖത്തറിലേക്ക് അതിവേഗ ഇലക്ട്രിക്കല്‍ ട്രെയിനിന് അംഗീകാരം നല്‍കിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ സഊദി പര്യടനത്തിനിടെയായിരുന്നു പുതിയ കരാറില്‍ സഊദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദുമായി ഒപ്പുവെച്ചത്. രണ്ട് തലസ്ഥാന നഗരികളെയും ബന്ധിപ്പിക്കുന്ന ട്രിയിനിന് സഊദിയിലെ അല്‍ ഹൊഫൂഫിലും ദമ്മാമിലും സ്‌റ്റേഷനുകള്‍ അനുവദിക്കും. 2026ലാണ് ട്രയിനിന്‍റെ പണി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രയിനിന്‍റെ സഞ്ചാര വേഗത. പ്രൊജക്ട് അനുസരിച്ച് 10 മില്ല്യന്‍ യാത്രക്കാരായിരിക്കും ട്രയിനില്‍ ഉള്‍ക്കൊള്ളുക.. അതിവേഗ ട്രയിനിന്‍റെ പണി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. സഊദിയിലേക്കുള്ള ഖത്തര്‍ തീര്‍ത്ഥാടകര്‍ക്കും 2034ല്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പിനും ഇത് നല്ലൊരു സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സഊദി ഗതാഗത വകുപ്പ് മന്ത്രി ഇഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിറും ഖത്തര്‍ ഗതാഗത വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ത്താനിയുമാണ് കരാറില്‍ നേരിട്ട് ഒപ്പ് വെച്ചത്. ഇരു രാജ്യത്തെ അമീറുമാരും ഒപ്പുവെക്കലില്‍ സന്നിഹിതരായിരുന്നു.