പാരമ്പര്യത്തിന്‍റെ പെരുമ പറയാന്‍ മുസ്ലിം കേരളത്തില്‍ അവകാശമുള്ള തറവാടുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന തറവാടാണ് പാണക്കാട്. മലബാറിന്‍റെ കോടതയിയാണ് പാണക്കാട് എന്നും ചരിത്രത്തില്‍ ഇടം പിടിക്കാറ്. സമാധാനവും ഒരുമയും ആ തറവാടിന്‍റെ പര്യായമാണ്. 1992ലെ ബാബരി മസ്ജിദ് ധ്വംസന സമയത്തായിരുന്നു കേരളം പാണക്കാട് തറവാടിനെ ഏറെ ഓര്‍ത്തത്. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിഞ്ഞ് അക്രമം നടത്താനുള്ള സാഹചര്യം ഒഴിവാക്കിയത് പാണക്കാട്ടേ അന്നത്തെ കാരണവര്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.
കേരള മുസ്ലിം സംഘശക്തിയുടെ രണ്ട് നെടും തൂണുകളായാണ് സമസ്തയും മുസ്ലിം ലീഗും പൊതുവെ അറിയപ്പെടാറുള്ളത്. മതപരമായി നിലപാടുകള്‍ പറയാന്‍ സമസ്തയും രാഷ്ട്രീയപരമായി കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ മുസ്ലിം ലീഗും എന്നും മുന്‍പന്തിയില്‍ ഉണ്ടാവാറുണ്ട്. ഈ രണ്ട് സംഘടനകളെയും ഒന്നിപ്പിക്കുന്ന വലിയൊരു പാലവും കൂടിയാണ് പാണക്കാട്ടേ തറവാട്. ആ പാലത്തിലൂടെ ഒരുമയുടെ വാഹനങ്ങള്‍ മാത്രമേ ഇതുവരെ ഇരുവശത്തേക്കും പ്രവേശിച്ചിരുന്നുള്ളു. അത് കൊണ്ടായിരുന്നു സമസ്തയുടെ പിറവി മുതല്‍ ഇതുവരെ മുശാവറയിലെ പ്രധാന അംഗങ്ങളായി പാണക്കാട്ടേ വലിയ സയ്യിദന്മാരുണ്ടായതും അതേ സമയം അവര്‍ മുസ്ലിം ലീഗിന്‍റെ തലപ്പത്ത് വിരാചിച്ചതും.
പാണക്കാട് സയ്യിദ് പൂക്കോയ തങ്ങളിലൂടെയാണ് ഈ ഒരുമയുടെ പാലം നിര്‍മ്മിതമായത്. തുടര്‍ന്നങ്ങോട്ട് പിന്നില്‍ വന്ന സയ്യിദ് മുഹമ്മദലി ശിഹാബ തങ്ങളും, സയ്യിദ് ഉമറലി ശിഹാബ് തങ്ങളും, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നിലവിലെ കാരണവര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും വിള്ളലേല്‍ക്കാതെ ഇത് മുന്നോട്ട നയിച്ചു. ജനസമ്മിതിയായിരുന്നു ഈ തറവാടിന്‍റെ മാഹാത്മ്യം.
മതമൈത്രിയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ ചരിത്രത്തില്‍ എന്നും ഇവര്‍ മുന്നിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഹൈന്ദവരും ക്രിസ്തീയ പുരോഹിതരുമടക്കം പല സമയത്തും അനുഗ്രഹം തേടി ഇവിടെ എത്താറുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഈ ഐക്യബോധത്തില്‍ ഒരുപിടി മുന്‍പിലായി രേഖപ്പെടുത്തപ്പെടാറുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘എല്ലാവരേയും ഒന്നിപ്പിക്കാന്‍ അസാധ്യമാണ്, എല്ലാവരും ഒന്നിക്കുകയും വേണ്ട, പക്ഷേ എല്ലാവരും ഒരല്‍പ്പ സമയം ഒന്നിച്ചിരിക്കണം’ .
സമസ്തയുമായി പാണക്കാട്ടെ തറവാടിന് ഒഴിച്ച് കൂടാനാവാത്ത ബന്ധമാണുള്ളത്. സമസ്തയുടെ വളര്‍ച്ചയിലും നേതൃസ്ഥാനത്തും പാണക്കാട്ടെ സയ്യിദുമാരില്ലാത്ത ചരിത്രമുണ്ടായിട്ടില്ല. നിലവില്‍ സമസ്തയുടെ കീഴിലുളള പല പോഷക സംഘടനകളുടെയും തലപ്പത്തും അവിടെ നിന്നുള്ള സന്തതികളുണ്ടെന്നതും എടുത്തു പറയേണ്ട വസ്തതുയാണ്.
കേരളത്തിലെ മുസ്ലിം സമൂഹത്തിലെ വിധി പറയാന്‍ നിയോഗിക്കപ്പെട്ട വിഭാഗമാണ് ഖാസിമാര്‍. കേരളത്തിന്‍റെ വടക്ക് മുതല്‍ തെക്ക് വരെയുള്ള ജില്ലകളില്‍ പല സ്ഥലത്തും നാട്ടിലെ മഹല്ല് വാസികള്‍ തെരെഞ്ഞെടുക്കപ്പെടുന്നവരാണ് ഖാസിയായി അവരോധിക്കപ്പെടാറുളളത്. വിധി പറയാന്‍ യോഗ്യതയും പ്രശ്‌ന പരിഹാരത്തിനു കഴിവും പ്രാപ്തിയുമുള്ളവരായിരിക്കും ഈ നേതൃസ്ഥാനത്ത് കടന്ന് വരാറുള്ളത്. പാണക്കാട്ടെ പൂക്കോയ തങ്ങളഉടെ കാലം മുതല്‍ നിലവിലെ കാരണവര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ കാലം വരെ എല്ലാ കാലത്തും ഈ സ്ഥാനത്ത് പാണക്കാട് നിന്നുള്ള പലരും അവരോധിതരായിട്ടുണ്ട്. അന്നത്തെ പണ്ഡിതന്മാര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. നാളിതുവരെ ആ പാരമ്പര്യത്തിന് കോട്ടം പറ്റിയിരുന്നില്ല, ആ നേതൃമഹിമ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നില്ല കാരണം ഇസ്ലാമിക കര്‍മ്മ ശാസ്ത്രപരമായി യോഗ്യരും സര്‍വ്വ സമ്മതരായിരുന്നുവെന്നു തന്നെയാണ്.
അടുത്ത കാലത്ത് പല മഹല്ലിലും പാണക്കാട്ടെ പലരും ഈ സ്ഥാനത്ത് അവരോധിതമായപ്പോള്‍ തറവാടിനു കീഴിലുള്ള മഹല്ലുകള്‍ ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് സമസ്തയുടെ അനുമതിയോടെ പാണക്കാട്ടെ തറവാടിന് കീഴില്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെട്ടത്. സമസ്തയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാരുമടക്കം കേന്ദ്ര മുശാവറ മെമ്പര്‍മാരൊക്കെ ഇതിന്‍റെ രൂപീകരണ സമയത്തുണ്ടായിരുന്നു. നിലവിലും ഇതിന്‍റെ തലപ്പത്തും പലവിധ സമസ്തയുടെ നേതാക്കളും സ്ഥാനം വഹിക്കുന്നുണ്ട്. ഖാസി ഫൗണ്ടേഷന്‍റെ കീഴില്‍ സമുദായത്തിന്‍റെ മതപരമായ പല പുരോഗമന പ്രവര്‍ത്തനത്തിനും പദ്ധതികള്‍ നടക്കുന്നുണ്ട്. അത് അടുത്ത വര്‍ഷങ്ങളിലായി മുസ്ലിം സമുദായത്തിന് ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇന്ന് അനാവശ്യമായി നടക്കുന്ന ഭിന്നതകള്‍ ഈ തറവാടിന്‍റെ പെരുമയോ ഒരുമയോടുള്ള സ്‌നേഹമോ കുറക്കാന്‍ സാധ്യമല്ലെന്നത് വ്യക്തമാണ്. വിമര്‍ശനങ്ങളൊക്കെ പുഞ്ചിരിയിലൊതുക്കുന്ന പാണക്കാട്ട വല്ല്യ കാരണവര്‍മാര്‍ സമുദായത്തിന് നല്‍കുന്നത് ഒരുമയുടെ പുഞ്ചിരിയും സന്ദേഷവുമാണ്.