ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മദ്റസകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലവകാശന് കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനിയൊരു വിധിപ്രസ്താവം ഉണ്ടാവുന്നത് വരെ ഈ ഉത്തരവ് നടപ്പില്‍ വരുത്തരുതെന്നും കോടതി പറഞ്ഞു. ഇതോടൊപ്പം മദ്റസകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്റസകളില്‍ പഠിക്കുന്ന അമുസ്ലിം വിദ്യാര്‍ത്ഥികളെയും സ്കൂളുകളിലേക്ക് മാറ്റാന്‍ ഉത്തരവിട്ട ത്രിപുര, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകളുടെ ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നാല് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവിട്ടത്
ജംഇയ്യത്ത് ഉലമ എ ഹിന്ദാണ് ബാലവകാശന് കമ്മീഷന് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശത്തിനെതിരെയുള്ള ലംഘനമാണ് ബാലവകാശന് കമ്മീഷന് ഉത്തരവെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയില്‍ പറഞ്ഞു.
ദേശീയ ബാലവകാശന് കമ്മീഷന് ചെയര്മാന് പ്രിയങ്ക കനൂന്‍ഗോയാണ് വിവാദമായ ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയത്. മദ്റസകള്‍ക്ക് സംസ്ഥാന ധന സഹായം നല്‍കരുതെന്നും കേന്ദ്ര ആനുകൂല്യം കൈപറ്റുന്ന മദ്റസകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ബാലവാകശന് കമ്മീഷന്റെ നിര്‍ദ്ദേശം.