യു എ ഇ: കൂടുതല്‍ ഇന്ത്യക്കാരെ രാജ്യത്ത് അടുപ്പിക്കുന്നതിനും രാജ്യത്തെ ബിസിനസ്സ് സൂചിക വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് യു.എ.ഇ. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്കും യു. കെയിലേക്കുമുള്ള ടൂറിസ്റ്റ്-റെസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം നേടാനാവുക. വ്യാഴാഴ്ച്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി.) പുതിയ പ്രഖ്യാപനം നടത്തിയത്.
നേരത്തേ ഈ ആനുകൂല്യം ഉണ്ടായിരുന്നത് അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ്-റെസിഡന്‍സ് വിസയോ അല്ലെങ്കില്‍ യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ള റെസിഡന്‍സ് വിസയോ ഉള്ളവര്‍ക്കായിരുന്നു. ഇതിനോടു കൂടെയാണ് യുറോപ്പിലേക്കുള്ള ടൂറിസ്റ്റ് വിസയെ കൂടി ചേര്‍ത്തിയിരിക്കുന്നത്.
വിസ ലഭ്യമാവുന്ന തുകയും നിയമ വശങ്ങളും യു.എ.ഇ. വിശദീകരിച്ചിട്ടുണ്ട്. ചുരുങ്ങിയത് വിസയും പാസ്‌പോർട്ടും ആറുമാസം കാലാവധിയുണ്ടായിരിക്കണം. 250 ദിര്‍ഹംസിനാണ് 60 ദിവസത്തെ ഓണ്‍ അറൈവല്‍ വിസ ലഭ്യമാവുക. 14 ദിവസത്തേക്കുള്ള വിസയ്ക്ക് 100 ദിര്‍ഹംസും വീണ്ടും പുതിക്കാന്‍ 250 ദിര്‍ഹംസുമാണ് ചിലവ് വരുക.
അടുത്ത ശൈത്യകാലത്ത് കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തെത്തുമെന്നാണ് യു.എ.ഇ. പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യു.എ. ഇയും തമ്മിലുള്ള നീണ്ടകാലത്തെ ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമാണിതെന്ന് ഐ.സി.പി. ചെയര്‍മാന്‍ സുഹൈല്‍ സഈദ് അല്‍ കൈലി അറിയിച്ചു.