മാഡ്രിഡ്; ലിവര്‍പൂളിലെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട സ്‌പെയിനിലെ സമോറ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 28 വയസ്സായ താരം തന്‍റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയോടു കൂടെ യാത്ര ചെയ്യുന്നതിനിടയൊണ് അപകടം സംഭവിച്ചതെന്ന് സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ ഓഡി വാഹനം നനഞ്ഞ റോഡില്‍ തെന്നിമാറി റോഡ് അരികത്തുള്ള ബാരിയറില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിക്കുകയായിരുന്നു
സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അദ്ദേഹത്തെയും സഹോദരനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലിവര്‍പൂള്‍ താരമാണ് ജോട്ടോ. പോര്‍ച്ചുഗലിന്‍റെ അവസാന നേഷന്‍സ് കപ്പ് വിജയനേട്ടത്തിലും താരം ദേശീയ ടീമിനായ് കളിച്ചിട്ടുണ്ട്.
1996ലാണ് ജോട്ട പോര്‍ട്ടോയില്‍ ജനിച്ചത്. പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ മേഖലയിലേക്ക് ചുവടുവെച്ചു. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, അടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി, 2020ല്‍ ലിവര്‍പൂളിലെത്തി. ലിവര്‍പൂളിനായ് അഞ്ച് സീസണുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം 176 മത്സരങ്ങളില്‍ 62 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ദീര്‍ഘകാല പ്രണയിനിയായ കാമുകി റൂട്ട് കാര്‍ഡോസോയെ രണ്ടാഴ്ച്ച മുമ്പാണ് താരം കല്ല്യാണം കഴിച്ചത്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്‍റെ പതാക താഴ്ത്തിക്കെട്ടി, അടുത്ത ആഴ്ച്ചയിലെ മത്സരത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചായിരിക്കും കളിക്കളത്തിലിറങ്ങുകയെന്ന് ലിവര്‍പൂള്‍ ക്ലബിന്‍റെ അധികാരികള്‍ അറിയിച്ചു. നാളെ ആന്‍ഫീല്‍ഡില്‍ അദ്ദേഹത്തിന് വേണ്ടി അനുസ്മരണം നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്ത്രീകളുടെ യൂറോ കപ്പിലെ ഈ ആഴ്ച്ചയിലെ മുഴുവന്‍ മത്സരങ്ങളിലും നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ തുടങ്ങുമെന്ന് യുവേഫ അറിയിച്ചു.
‘വളരെ പെട്ടെന്നായിപ്പോയി, റെസ്റ്റ് ഇന്‍ പീസ് സഹോദരാ, നീ ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു’ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയ വാക്കുകളാണിത്. ‘ഞാന്‍ അറിയുന്ന ഏറ്റവും ദയയുള്ള ഒരു വ്യക്തിത്വമായിരുന്നു’ ജോട്ടോയെന്ന് ലിവര്‍പൂള്‍ സൂപ്പര്‍താരം സ്വലാഹും അറിയിച്ചു.