എറണാകുളം: തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴിയുള്ളതിനാല്‍ കാണാതായ സംഭവത്തിലെ ദുരൂഹത പോലീസിന് ഇതുവരെ വ്യക്തമല്ല.
ഇന്ന് വൈകുന്നേരമാണ് ആലുവയിലെ തിരുവാങ്കുളത്ത് 3 വയസ്സുകാരിയെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്. കുട്ടിയുടെ പേര് കല്യാണിയെന്നാണ്. അംഗണവാടിയില്‍ നിന്ന് കുട്ടിയെ കൂട്ടകൊണ്ട് വന്നത് അമ്മ തന്നെയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയത്. പക്ഷേ പിന്നീട് കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് ഇവര്‍ മാറ്റിപ്പറയുകയായിരുന്നു.
കുടുംബ പ്രശ്‌നം കാരണം സ്ത്രീക്ക് മാനസിക പ്രശ്‌നം ഉള്ളതായി കുടുംബവും മൊഴി നല്‍കിയിട്ടുണ്ട്. മൂഴിക്കുളത്തെ പുഴക്ക് സമീപം കുട്ടിയെ വിട്ടതായും സ്ത്രീ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുങ്ങല്‍ വിദഗ്ദരും തിരച്ചില്‍ നടത്തുന്നുണ്ട്.
പിങ്ക് വസ്ത്രത്തിലാണ് കുട്ടിയുള്ളത്.സിസിടിവി ദൃശ്യവും പോലീസ് പുറത്തു വിട്ടിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 04842623550 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.