ജയ്പൂര്‍: ഐപിഎല്ലില്‍ പതിനാലുകാരന്‍റെ അരങ്ങേറ്റം ശ്രദ്ധേയമായി. രാജസ്ഥാന്‍ 1.1 കോടി സ്വന്തമാക്കിയ യുവതാരം വൈഭവ് സൂര്യവന്‍ശിയുടെ അരങ്ങേറ്റമായിരുന്നു പുതിയ റെക്കോര്‍ഡുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ രാജസ്ഥാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനോട് തോറ്റെങ്കിലും ക്യാപ്റ്റനടക്കം പലരുടെയും റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയായിരുന്നു പതിനാലുകാരന്‍ കളം വിട്ടത്.
നേരിട്ട ആദ്യ പന്ത് തന്നെ ഷര്‍ദുല്‍ താക്കൂറിനെ സിക്‌സര്‍ തൂക്കിയാണ് വൈഭവ് തന്‍റെ അരങ്ങേറ്റം അറിയിച്ചത്. ഇതോടെ ഐപിഎല്ലില്‍ സിക്‌സര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. പരാഗ് തന്‍റെ 17ാം വയസ്സിലായിരുന്നു ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും വൈഭവ് തന്‍റെ പേരിലാക്കി. 20 പന്ത് നേരിട്ട അദ്ദേഹം മൂന്ന് സിക്‌സറുകളുടെയും 2 ഫോറിന്‍റെയും അകമ്പടിയോടെ 34 റണ്‍സ് സ്വന്തമാക്കി. പരിക്കായ് പുറത്തിരിക്കുന്ന രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരമായാണ് അദ്ദേഹം കളിക്കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിലെ മിന്നും പ്രകടനം അടുത്ത മത്സരത്തിലും കാണാനാവുമെന്ന പ്രതീക്ഷയിലാണ് വൈഭവും രാജസ്ഥാന്‍ ഫാന്‍സും.