ന്യഡല്‍ഹി: കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടിയ അഭ്യൂഹങ്ങള്‍ക്ക് വിട പറഞ്ഞ് ഇന്ത്യയുടെ മറ്റൊരു ഇതിഹാസം കൂടി ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമാവധി ശ്രമിച്ചിട്ടും തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്ന് കോഹ്ലി ഇനി വെള്ള വസ്ത്രത്തിലില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു യുഗാന്ത്യമാണ്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കോഹ്ലിയും കൂടി പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയും ആശങ്കയിലാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വൈകാരികമായ കുറിപ്പോടെയാണ് അദ്ദേഹം തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ് ട്വന്‍റി ലോകകപ്പ് നേട്ടത്തോടെ അദ്ദേഹം ട്വന്‍റി ക്രിക്കറ്റിനോട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ നെടും തൂണായിരുന്നു വിരാട്. ഇന്ത്യയ്ക്കായ് അദ്ദേഹം 123 ടെസ്റ്റുകളില്‍ ഗ്രൗണ്ടിലിറങ്ങി. ഇതില്‍ 68 എണ്ണത്തിലും നായകനായിട്ടായിരുന്നു. 210 ഇന്നിങ്കസുകളില്‍ 9230 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. 46.85 ശരാശരി, 30 സെഞ്ചുറികള്‍, 31 അര്‍ദ്ധ സെഞ്ചുറികള്‍ ഇതൊക്കെ അദ്ദേഹത്തിന്‍റെ കരിയറിനെ വേറിട്ടതാക്കുന്നു. കരിയറില്‍ 1027 ബൗണ്ടറികളഉം 30 സിക്‌സറും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 254 റണ്‍സാണ് അദ്ദേഹത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡറും കൂടിയായിരുന്നു അദ്ദേഹം. കരിയറില്‍ 121 ക്യാച്ചുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബോള്‍ ചെയ്യതിട്ടുണ്ടെങ്കിലും വിക്കറ്റൊന്നും അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല.
നായകനെന്ന നിലയില്‍ റെക്കോര്‍ഡ് നേട്ടത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. 68 ടെസ്റ്റില്‍ 40 എണ്ണത്തിലും ടീമിന് വിജയം സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ വിജയ ശതമാനം നിലനിര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാണ്. ധോണിയും സൗരവ് ഗാംഗുലിയും ഈ ശതമാനത്തില്‍ അദ്ദേഹത്തിന് പിന്നിലാണ്. രാജ്യാന്തര ക്രിക്കറ്റിലും ക്യാപ്റ്റന്മാരില്‍ ഏറ്റവും കൂടുതല്‍ തവണ ടീമിന് വിജയം സമ്മാനിച്ചതില്‍ നാലാം സ്ഥാനത്താണ് വിരാട്. ദക്ഷിണാഫ്രിക്കയും ഗ്രെയിം സ്മിത്ത് (53 വിജയം), ഓസ്‌ട്രേലിയയുടെ റിക്കിപോണ്ടിങ് (48 വിജയം), ഓസട്രേലിയയുടെ സ്റ്റീവ് വോ (41 വിജയം) തുടങ്ങിയവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍.
ഇനി വിരാടിന്‍റെ ബാറ്റിംഗ് കാണാന്‍ ഏകദിന ക്രിക്കറ്റ് വരെ കാത്തിരിക്കേണ്ടി വരും. ഐപിഎല്ലിന് ശേഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായാണ് ആദ്യ ടെസ്റ്റ് പരമ്പര. ഇതിനുള്ള ടീം പ്രഖ്യാപനം നടക്കാനിരിക്കെയാണ് കോഹ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.