ശിക്ഷ ജനുവരി 3ന് വിധിക്കും
കൊച്ചി: രണ്ടു അമ്മമാരുടെ കണ്ണീരിന് ഇന്ന് കോടതി വിധി പറഞ്ഞു. അവര്‍ കാത്തിരുന്ന ദിവസം ഇന്നായിരുന്നു. തങ്ങളുടെ മക്കള്‍ക്ക് നീതി കിട്ടിയെന്ന വിശ്വാസത്തിലാണ് ശരത് ലാലിന്‍റെ അമ്മ ലതയും കൃപേഷിന്‍റെ അമ്മ ബാലാമണിയും.
കേരളം ഉറ്റുനോക്കിയിരുന്ന പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ കോടതി വിധി പറഞ്ഞു. സി.പി.എമ്മിന് ഒരിക്കല്‍ കൂടി തിരിച്ചടി സമ്മാനിച്ച് പ്രതിപ്പട്ടികയിലുണ്ടായിരുന്നു 24 പേരില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി വിലയിരുത്തി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പത്ത് പ്രതികളെ കുറ്റവിമുക്തമാക്കുകയും ചെയ്തു. പ്രതികളില്‍ സി.പി.എം മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമനും പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവനും ഉള്‍പ്പെടുന്നു. നീണ്ട 20 മാസത്തെ വിചാരണയ്ക്കാണ് ഇതോടെ അവസാനമായത്. ജനുവരി 3ാം തിയ്യതി കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിക്കും.
2019 ഫെബ്രവരി 17ന് രാത്രി ഏഴരയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) റോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തൃപ്തരല്ലാത്തതിനാലാണ് ഇരുവരുടെയും മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹരജി സ്വീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം വിധിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന് ഹരജി സമര്‍പ്പിച്ചു. പക്ഷേ ഡിവിഷന്‍ ബെഞ്ചും അതേ വിധി ശരിവെച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ പുതിയൊരു ഹരജി ഫയല്‍ ചെയ്തു മറുവശത്ത് ഇരുവരുടെയും മാതാപിതാക്കളും ഹരജി നല്‍കി. ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതിയും സി.ബി.ഐ അന്വേഷണം വിധിക്കുകയും സര്‍ക്കാരിന്‍റെ ഹരജി തള്ളുകയുമായിരുന്നു.
വിധി കേട്ടതോടെ ഇരുവരുടെയും മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ കാത്തിരുന്ന ദിവസമാണിതെന്നും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ധാരാളം കളികള്‍ കളിച്ചെന്നും ബാലാമണിയും ലതയും ആരോപിച്ചു. കോടികളായിരുന്നു സര്‍ക്കാര്‍ ഈ കേസിന് വേണ്ടി ചെലവഴിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വക്കീലുമാരായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹൈക്കോതടിയിലും സുപ്രീം കോടതിയിലും ഹാജരായത്.