മോസ്‌കോ: ‘സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു’. രണ്ട് ദിവസം മുമ്പ് നടന്ന അസര്‍ബൈജാന്‍ എയര്‍ലന്‍സിന്‍റെ അപകടത്തില്‍ ഖേദം അറിയിച്ച് കൊണ്ട് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിന്‍ അസര്‍ബൈജാന്‍ പ്രസിഡണ്ട് ഇല്‍ഹാം അലിയേവിനെ ഫോണില്‍ വിളിച്ച് പറഞ്ഞ വാക്കുകളാണിത്. അസര്‍ബൈജാന്‍ എയര്‍ലന്‍സിന്‍റെ അപകടത്തില്‍ തങ്ങളാണ് ഉത്തരവാദി എന്ന് പറയാതെ പറയുകയായിരുന്നു റഷ്യ.
അപകട കാരണമന്വേഷിച്ച അസര്‍ബൈജാന്‍ ബാഹ്യമായ ഇടപെടല്‍ ദുരന്തത്തിന് പിന്നില്‍ നടന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിനു പുറമെ റഷ്യയിലേക്ക് പറക്കേണ്ട പത്ത് വിമാനങ്ങളും അസര്‍ബൈജാന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഷ്യന്‍ പ്രസിഡണ്ടിന്‍റെ പ്രതികരണം.
അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറന്ന J2-8243 അസര്‍ബൈജാന്‍ എയര്‍ലന്‍സ് യാത്രാ വിമാനമായിരുന്നു കസാക്കിസ്ഥാനിലെ അക്തൗ സിറ്റിയില്‍ തകര്‍ന്നു വീണത്. രണ്ടു പൈലറ്റും ഫ്ളൈറ്റ് അറ്റന്‍ഡന്‍റും ഉള്‍പ്പെടെ 38 പേരായിരുന്നു മരണപ്പെട്ടത്. വിമാന യാത്രികര്‍ കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, അസര്‍ബൈജാന്‍ എന്നീ നാടുകളില്‍ നിന്നുള്ളവരായിരുന്നു.
റഷ്യയുടെ വ്യോമാതിര്‍ത്ഥിയിലാണ് സംഭവം നടന്നതിനാലാണ് ഉത്തരവാദിത്തം റഷ്യയിലേക്ക് വിരല്‍ചൂണ്ടിയത്. യുക്രൈനും റഷ്യയും നടക്കുന്ന പ്രശ്‌നമായിരുന്നു ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായത്. രണ്ട് പ്രാവശ്യം ലാന്‍ഡിങിന് ശ്രമിച്ച വിമാനത്തിന് റഷ്യന്‍ പ്രതിരോധ സേനയുടെ ഇടപെടല്‍ കാരണമാണ് അതിന് സാധിക്കാതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈനില്‍ നിന്നുള്ള തുടരെ വരുന്ന അക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.