കോഴിക്കോട്: കൊളോംബയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ്-503 ചരക്കു കപ്പല്‍ യാത്ര മദ്ധ്യേ കേരള തീരത്തു വെച്ച് അഗ്നിക്കിരയായി. ശക്തമായ പൊട്ടിത്തെറിയോടെയായിരുന്നു തീ ഗോളമായി മാറിയത്. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ല. തീര സംരക്ഷണ സേനയുടെ അഞ്ച് കപ്പലുകളും നേവിയുടെ ഒരു കപ്പലും മൂന്ന് ഡോണിയര്‍ വിമാനങ്ങളും രക്ഷാ ദൗത്യത്തിനായ് പുറപ്പെട്ടിട്ടുണ്ട്. 2 പേര്‍ മരണപ്പെട്ടതായാണ് വിവരം. നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം.
ഇന്ന് രാവിലെ കണ്ണൂർ അഴീക്കല്‍ തുറമുഖത്ത് നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കപ്പലില്‍ 20 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. മംഗളുരുവില്‍ നിന്നും ബേപ്പൂരില്‍ നിന്നുമുള്ള കപ്പലുകളാണ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്. മംഗളുരുവില്‍ നിന്നുള്ള കപ്പലില്‍ ചികിത്സക്കുള്ള സംവിധാനവും ഡോക്ടറുമുള്‍പ്പടെയുള്ളവരുടെ സാന്നിധ്യവുമുണ്ട്.
വലിയ കപ്പലുകള്‍ ബേപ്പൂർ തീരത്തേക്ക് അടുപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം പരിക്കേറ്റവരെ മംഗളുരുവിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് മംഗളുരുവിലെത്താന്‍ 5 മണിക്കൂര്‍ വേണ്ടിവരുമെന്നത് ഏറെ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ആളുകളെ രക്ഷിക്കലാണ് പ്രഥമ പരിഗണനയെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
കപ്പലില്‍ ഇനിയും പൊട്ടിത്തെറിക്കാനുള്ള വസ്തുക്കള്‍ ഉണ്ടോയെന്നതും വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. രക്ഷപ്പെട്ടവര്‍ കേരള തീരത്തെത്തിയാല്‍ അവര്‍ക്കുള്ള ചികിത്സാ സഹായം നല്‍കാന്‍ കോഴിക്കോട് എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈന, മ്യാന്‍മാര്‍, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് പൗരന്മാരാണ് ജീവനക്കാരെന്നാണ് നിഗമനം. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതയേള്ളു.