ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടണിയുന്ന മത്സരങ്ങള്‍ക്കെല്ലാം റെക്കോര്‍ഡുകളുടെ അകമ്പടിയുണ്ടെന്നതാണ് പുതിയ വിശേഷങ്ങള്‍. ഇന്നലെ നടന്ന യുവേഫ നാഷന്‍സ് ലീഗിലും ആ റെക്കോര്‍ഡിന് കുറവുണ്ടായില്ല. മ്യൂണിച്ചിലെ മൈതാനിയില്‍ സ്‌പെയിനിനെതിരില്‍ തന്‍റെ കാലിലൂടെ ഗോള്‍ വല ചലിച്ചപ്പോള്‍ കരിയറില്‍ തന്‍റെ ഗോളിനോടൊപ്പം മറ്റൊരു എണ്ണവും കൂടി കൂട്ടിച്ചേര്‍ത്തു. സ്‌പെയിനിന്‍റെ നാലാം പെനാല്‍റ്റിയെടുത്ത അല്‍വാരോ മൊറോട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റ തടയുകയും തൊട്ടടുത്ത കിക്ക് പോര്‍ച്ചുഗള്‍ താരം വലയിലെത്തിക്കുകയും ചെയ്തതോടെ ഈ ചിറകില്‍ മറ്റൊരു റെക്കോര്‍ഡും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. ഫുട്‌ബോളില്‍ ഇന്‍റർനാഷണല്‍ ട്രോഫി നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം. ഇതോടെ പറങ്കികളുടെ അക്കൗണ്ടില്‍ നാഷന്‍സ് ലീഗിന്‍റെ രണ്ടാം കിരീടവും റൊണാള്‍ഡോയുടെ ചിറകില്‍ പറന്നെത്തി.
2026 ഫുട്‌ബോള്‍ ലോകകപ്പാണ് ക്രിസ്റ്റ്യാനോയുടെ അടുത്ത ലക്ഷ്യം. അടുത്ത വര്‍ഷം കൂടി ലോകകപ്പില്‍ ബൂട്ടണിഞ്ഞാല്‍ പ്രായത്തെ വെല്ലി ഗ്രൗണ്ടിലിറങ്ങുന്നതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി കരിയറില്‍ എഴുതിച്ചേര്‍ക്കപ്പെടും. ആറ് ലോകകപ്പുകള്‍ കളിച്ച ഫുട്‌ബോള്‍ താരം. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കലാവും അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം.
ഇന്നലെ ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 സമനിലയില്‍ അവസാനിച്ചതോടെ, എക്‌സ്ട്രാ ടൈമിലേക്ക് കളി നീളുകയായിരുന്നു. അവിടെയും സമനിലയായതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയത്.