ഒരു സിനിമാ ഡയലോഗോടെ കൂടെ തന്നെ തുടങ്ങാം ‘ ഒരു പട്ടിയെ കൊന്നാല്‍ ചോദിക്കുന്ന രാജ്യത്ത് ഒരു മനുഷ്യനെ പട്ടി കൊന്നാല്‍ ആരും ചോദിക്കാറില്ല. ഈ രാജ്യത്ത് ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കും ഉത്തരം തന്നേ പറ്റൂ കാരണം ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല’. ഡയലോഗ് സിനിമയിലേതാണെങ്കിലും പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാണ്. ഈ രാജ്യത്ത് അടുത്ത് വന്ന ആരോപണങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്. ചോദിക്കുന്നവരെയൊക്കെ ഇല്ലാതാക്കുന്ന പുതിയ ഇന്ത്യയുടെ രാഷ്ട്രീയ മുഖം.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുണ്ടായിരുന്ന ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷന്‍റെ മേല്‍ അടുത്ത് വന്ന ആരോപണം സകല ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു. ഒരു സര്‍ക്കാരിനെ തെരെഞ്ഞെടുക്കേണ്ട ജനാധിപത്യ സംവിധാനത്തില്‍ ആണിയിടച്ചാണ് സര്‍ക്കാരിനെ ഭരണത്തിലേറ്റിയിരിക്കുന്നത്. അതിന് കൂട്ട് പിടിച്ചിരിക്കുന്നത് നിഷ്പക്ഷമായി നിലകൊള്ളേണ്ട ഇലക്ഷന്‍ കമ്മീഷനും. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ട ലക്ഷങ്ങളുടെ കള്ളവോട്ടിന്‍റെ വാര്‍ത്ത ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ പരിഹാസ്യരാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ അഭിമാനത്തിനും കളങ്കമേറ്റിട്ടുണ്ട്. ഒരു പൗരന് ഒരു വോട്ട് മാത്രം അനുവദിച്ചിരിക്കുന്ന ഈ രാജ്യത്ത് ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുന്നു, ഇല്ലാത്ത രക്ഷിതാക്കളുടെ പേരുകള്‍, രണ്ട് അംഗങ്ങളുള്ള വീട്ടു അഡ്രസ്സില്‍ 100ന് മുകളില്‍ വോട്ടുകള്‍. ഇതിന് ഉത്തരം പറയേണ്ട തെരെഞ്ഞെടുപ്പ് കമ്മീഷന്‍ യാഥാർത്ഥ്യം ഉയർത്തിക്കാട്ടിയവനോട് വിശദീകരണം തേടിയിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിടാനോ യാഥാര്‍ത്ഥ്യം തിരിച്ചറിയാനോ ഒരു ശ്രമം പോലും നടന്നിട്ടില്ല.
ഇനി സര്‍ക്കാരിനെ ചോദ്യം ചെയ്താലോ, അയാള്‍ ഒന്നുകില്‍ അഴിയെണ്ണേണ്ടിവരും അതുമല്ലെങ്കില്‍ അയാളുടെ ബിസിനസ്സ് സാമ്രാജ്യം തുടര്‍ച്ചയായി ഇന്‍കം ടാക്‌സിനെ കൊണ്ട് പരിശോധിച്ച് കേസ് ഫയല്‍ ചെയ്യും, സ്വതന്ത്രമായി ബിസിനസ്സ് ചെയ്യാന്‍ അനുവദിക്കുകയുമില്ല. അതല്ലേല്‍ അയാളെ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കിയെന്ന് വന്നേക്കും. ഇതിന് ഉദാഹരങ്ങളായി നിലവില്‍ ജയിലില്‍ കഴിയുന്നവരും വിവരം തീരെയില്ലാത്തവരും ഇടിയുടെ കെണിയില്‍ പെട്ട പലരുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനിയായിരുന്നു ഗുജറാത്ത പോലീസ് മേധാവി സഞ്ജീവ് ഭട്ട്. അദ്ദേഹം 2002 ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തി കേസ് ഫയല്‍ ചെയ്തതായിരുന്നു. 2015ഓടെ അദ്ദേഹത്തിന്‍റെ കരിയര്‍ തന്നെ ഇവര്‍ അവസാനിപ്പിച്ചു. ജീവപര്യന്തം ശിക്ഷയും നല്‍കി അദ്ദേഹത്തെ എന്നെന്നേക്കും അഴിയെണ്ണേണ്ട സാഹചര്യത്തിലെത്തിച്ചു. ഇതില്‍ ഇരയായ മറ്റു പ്രമുഖര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പല മാധ്യമ പ്രവര്‍ത്തരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. സിദ്ദീഖ് കാപ്പന്‍, ഡോ.കഫീല്‍ ഖാന്‍, ടീസ്റ്റ സെറ്റില്‍വാദ് തുടങ്ങിയവരും ഈ ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്. യുഎപിഎ ചുമത്തപ്പെട്ട ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും പോലോത്ത മറ്റു ചിലരും. കൊല്ലപ്പെട്ടവരിലെ പ്രമുഖരില്‍ ഒരാള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ഗൗരിലങ്കേഷായിരുന്നു. ബിജെപിക്കെതിരെ പേന ചലിപ്പിച്ചെന്ന കാരണത്താലായിരുന്നു അവര്‍ക്കെതിരെ നിറയൊഴിച്ചത്. ബിജെപിക്കെതിരെ ശബ്ദിച്ചവരും കേസ് ഫയല്‍ ചെയ്തവരേയും ഇതുപോലെ ഇല്ലാതാക്കുന്നതാണ് അവരുടെ മറ്റൊരു രാഷ്ട്രീയ രീതി. സ്വാതന്ത്ര്യനന്തര രാജ്യത്ത് വസിക്കുന്ന പൗരന്മാരുടെ ദുരന്ത സാഹചര്യമാണ് ഇത് വിളിച്ചോതുന്നത്.
രാജ്യത്തിന്‍റെ പരമോന്നത നീതി പീഠമാണ് രാജ്യത്തെ ഓരോ പൌരന്‍റെയും ഏറ്റവും വലിയ പ്രതീക്ഷയും പ്രത്യാശയും. പക്ഷേ നിലവിലെ ജനാധിപത്യ രാജ്യത്ത് അതും തുലാസിലായോ എന്ന് ആശങ്കപ്പെട്ടാല്‍ അതും അസ്ഥാനത്തല്ല. ബാബരി മസ്ജിദ് കേസ് മുതല്‍, ട്രിപ്പിള്‍ ത്വലാഖും ബിജെപിയുടെയും സഖ്യ കക്ഷികളുടെയോ നേതാക്കള്‍ പ്രതികളായ കേസുകളൊക്കെയും നീതിക്ക് നിരക്കാത്ത വിധി പ്രസ്താവങ്ങളായിരുന്നു പരമോന്നത നീതി പീഠത്തില്‍ നിന്ന് പുറത്ത് വന്നത്. ബാബരി മസ്ജിദില്‍ ഭൂമി മൂന്നായ് വിഭജിച്ച് വിധി വന്നപ്പോള്‍ പ്രഗ്യ സിംഗ് താക്കൂര്‍ പ്രതിയായ മാലേഗാവ് സ്‌ഫോടനവും സ്വാമി അസീമാനന്ദ പ്രതിയായ മക്കാ മസ്ജിദ് സ്‌ഫോടനവും പ്രതികളെ വെറുതെ വിടുന്നതായിരുന്നു. 2002 ഗുജറാത്ത കലാപ കേസിലും വിധി തഥൈവ. ഇപ്പോഴും നീതി തേടുന്ന ബില്‍ക്കീസ് ബാനു ബലാത്സംഗ കേസ്. രാജ്യത്തിന്‍റെ പരമോന്നത നീതി പീഠത്തിന്‍റെ ദയനീയ അവസ്ഥകളാണ് മേല്‍പ്പറഞ്ഞതൊക്കെയും വിളിച്ചു പറയുന്നത്.
അത് കൊണ്ട് രാജ്യം 1947ന് മുമ്പുണ്ടായ സമാന സാഹചര്യത്തിലാണ് നിലകൊള്ളുന്നത്. രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യം അനിവാര്യമായി വന്നിരിക്കുന്നു. ഈ ഭരണം മാറിമറിഞ്ഞാല്ലേ രാജ്യം പഴയ അവസ്ഥലയിലേക്ക് മടങ്ങി വരുകയുള്ളു. അതിന് വേണ്ടി നേതൃത്വം കൊടുക്കുന്നവരുടെ കൂടെ പിന്നിലായ് അണിനിരന്ന് ഈ രാജ്യത്തിന്‍റെ രണ്ടാം സ്വാതന്ത്ര്യത്തിനായ് നാം പോരാടിയേ മതിയാവൂ. ജനാധിപത്യമെന്ന ഖ്യാതി നമ്മുക്ക് വീണ്ടും തിരിച്ച് പിടിക്കണം. ചെങ്കോട്ടയില്‍ രണ്ടാം സ്വാതന്ത്ര്യത്തിന്‍റെ പതാക ഉയരണം. അതിനു വേണ്ടിയാവട്ടെ നമ്മുടെ യത്‌നം. അതാവട്ടെ 79ാം സ്വാതന്ത്ര്യ ദിനത്തില്‍ നാം നേടിയെടുക്കേണ്ട ഏറ്റവും വലിയ സന്ദേശം. ജയ് ഹിന്ദ്.
എല്ലാവര്‍ക്കും ഹൃദ്യമായ സ്വതാന്ത്ര്യ ദിനാശംസകള്‍
ചീഫ് എഡിറ്റര്‍