ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായിഗിനെ നിയമിച്ച് യുഎഇ പ്രധാനമന്ത്രിയും വൈസ്പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ഉത്തരവിട്ടു. പ്രഖ്യാപനം യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ അംഗീകാരത്തിന് പിന്നാലെയായിരുന്നു. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഉവൈസിക്ക് പകരക്കാരനായാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നത്.
മുന്‍ ആരോഗ്യ മന്ത്രി ചെയ്ത സേവനങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് പ്രത്യേകം കൃതജ്ഞ അറിയിച്ചു. വര്‍ഷങ്ങളോളം ഈ ചുമതല വഹിച്ച ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഉവൈസിയുടെ ഭരണകാലത്തായിരുന്നു യുഎഇയുടെ ആരോഗ്യ മന്ത്രാലയത്തില്‍ സമാനതകളില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവന്നത്. അദ്ദേഹം തുടര്‍ന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള മന്ത്രിയായി തുടരും.
അഹ്മദ് ബിന്‍ അല്‍ സായിഗ് 2018 മുതല്‍ യുഎഇയുടെ വിദേശ കാര്യ മന്ത്രാലയത്തില്‍ സ്‌റ്റേറ്റ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നുണ്ട്. യുഎഇയുടെ സാമ്പത്തീക വാണിജ്യ മന്ത്രാലയത്തിലും നൂതന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ പല മേഖലകളിലും ഔദ്യോഗിക പദവി അലങ്കരിക്കുന്ന അലി അല്‍ സായിഗ് സാമ്പത്തീക വിഷയത്തില്‍ അമേരിക്കയിലെ ലെവിസ് ആന്‍ഡ് ക്ലര്‍ക്ക് കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്.