ഫലസ്തീന്‍: ലോകം കയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നുണ്ട് ഈ ക്രൂരതയൊന്നവസാനിക്കാന്‍. മനുഷ്യത്വം മരവിച്ച കാട്ടാള ജന്മത്തിന്‍റെ പ്രതിരൂപമായി ഇസ്രയേല്‍ മാറുമ്പോള്‍ ഓരോ മാസവും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അവസാനമായി കണ്ണീരണിഞ്ഞ മറ്റൊരു വിയോഗവും ഫലസ്തീനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ കവി ഡോ. ഉമര്‍ ഹര്‍ബിന്‍റെ മരണ വാര്‍ത്തയാണ് ലോകത്തെ തന്നെ കരയിപ്പിച്ചത്.
ഫലസ്തീനിലെ പ്രമുഖ എഴുത്തുകാരനും അക്കാദമീഷ്യനും കവിയും സർവ്വകലാശാല പ്രഫസറും കൂടിയായിരുന്നു ഡോ.ഉമര്‍ ഹര്‍ബ്. അര്‍ബുദ രോഗിയായ അദ്ദേഹം തനിക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ടെന്‍റില്‍ വെച്ചാണ് മരണപ്പെട്ടത്. ഏതാനും ആഴ്ച്ചകളായി ശരീരത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് മരണ കാരണം. 2023 കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ശരീര ഭാരം 100ന് മുകളില്‍ തൂക്കമുണ്ടായിരുന്നു പക്ഷേ അവസാനം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേവലം 40 കിലോയ്ക്കും താഴെയായിരുന്നു അദ്ദേഹത്തിന്‍റെ തൂക്കം.
സൈക്കോളജിയില്‍ ബിരുദമെടുത്ത അദ്ദേഹം അല്‍ അസ്ഹർ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടക്കം മുതല്‍ ഇസ്രയേലിന്‍റെ ആക്രമണ സമയത്ത് ജനങ്ങള്‍ക്ക് പിന്തുണയും ധൈര്യവും നല്‍കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ ക്രൂര വംശഹത്യയില്‍ അദ്ദേഹത്തിന്‍റെ മകള്‍ അബീര്‍ ഹര്‍ബ് ഉള്‍പ്പടെ 26 കുടുംബാംഗങ്ങള്‍ മരണപ്പെട്ടിരുന്നു. അബീറിന്‍റെ പ്രതിശ്രുത വരന്‍ മരണപ്പെട്ടതിന് പിന്നാലെയായിരുന്നു അവരുടെ മരണവും.
ഇതുവരെ ഗസ്സയില്‍ പട്ടിണിമൂലം മരണപ്പെട്ടവരുടെ എണ്ണം 370 ആയി. ഇതില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം മാത്രം 185 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഫലസ്തീന്‍ ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇനിയുള്ള മാസങ്ങള്‍ അതീവ ദുരന്തമായ ഫലങ്ങളായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. 40000 മുകളില്‍ കുട്ടികളാണ് നിലവില്‍ പട്ടിണിയില്‍ കഴിയുന്നത്.