പ്രതിഷേധം സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന്
400 പേര്‍ക്ക് പരിക്ക്, ചിലരുടെ ആരോഗ്യ നില അതീവ ഗുരുതരം
അടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുന്നു
കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം അതിശക്തമായി വ്യാപിക്കുന്നു. പല നഗരങ്ങളും പ്രതിഷേധക്കാര്‍ ഇരച്ചു കയറി. പാര്‍ലമെന്‍റിലേക്ക് നടന്ന പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും ആക്രമണത്തില്‍ 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ വ്യത്യസ്ത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചു. സെപ്തംബര്‍ 4ന് 26 സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരക്കാര്‍ തെരുവിലിറങ്ങിയത്.
2024ലെ സുപ്രീ കോടതി നിയമപ്രകാരം രാജ്യത്തിന്‍റെ നിയമത്തിനനുസൃതമായി സോഷ്യല്‍ മീഡിയകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കണമെന്നും അതിന് വേണ്ടി എല്ലാ സോഷ്യല്‍ മീഡിയകളും രജിസ്റ്റർ ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തീരുമാനം അനസുരിച്ച് സോഷ്യല്‍ മീഡിയകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുകയും ഒരു പ്രാദേശിക പ്രതിനിധിയെയും പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കുകയും വേണം. ഈ തീരുമാനത്തോട് അനുകൂലമായ മറുപടി നല്‍കാത്തതിന്‍റെ പേരിലായിരുന്നു 26 ആപ്പുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.
ടിക്ടോക്, വൈബര്‍, വീടോക്, നിംബസ്, പോപ്പോ ലൈവ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക്, വാട്ട്‌സപ്പ്, ഇന്‍സ്റ്റാഗ്രാം, യൂടൂബ്, എക്‌സ്, ലിങ്കിഡ്ഇന്‍, റെഡ്ഡിറ്റ് തുടങ്ങിയ വമ്പന്മാരായ സോഷ്യല്‍ മീഡിയകള്‍ ഇതിനോട് അനുകൂലമായി മറുപടി നല്‍കാത്തതിന്‍റെ പേരിലായിരുന്നു നടപടി. രാജ്യത്തെ 90 ശതമാനം വരുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇത് സാരമായി ബാധിച്ചു. രാജ്യത്ത് 36 ലക്ഷം മാത്രം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
നടപടി രാജ്യത്തെ ടൂറിസത്തെയും മറ്റു ബിസിനസ്സ് മേഖലകളെയും സാരമായി ബാധിച്ചു. സോഷ്യല്‍ മീഡിയ ആശ്രയിക്കുന്ന യുവാക്കളെയും കുടുംബങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. നെപ്പോ കിഡ്‌സ് എന്ന ഹാഷ്ടാഗിലാണ് സമരക്കാര്‍ അനുവദിക്കപ്പെട്ട സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധമറിയിച്ചത്. രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബര ജീവിതവും സാധാരണക്കാരുടെ പ്രയാസവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സോഷ്യല്‍ മീഡിയ നിരോധനത്തോടൊപ്പം സര്‍ക്കാരിന്‍റെ അഴിമതിക്കെതിരായും സ്വജനപക്ഷപാതത്തിനെതിരായും പ്രതിഷേധം നടക്കുന്നുണ്ട്.
കാഠ്മണ്ഡുവില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണിവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. തലസ്ഥാന നഗരിക്ക് പുറമെ പല നഗരങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം നടന്നു. യോഗത്തിന് ശേഷമായിരുന്നു ആഭ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. ഒരുപക്ഷേ പ്രതിഷേധത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ നിരോധനം എടുത്തു മാറ്റിയേക്കും.
2008ലാണ് ഇവിടെ രാജവാഴ്ച്ച അവസാനിച്ചത്. ഇന്ന് നടന്ന വെടിവെയ്പ്പില്‍ മരിച്ചവരില്‍ 17 പേര്‍ കാഠ്മണ്ഡുവിലും 2 പേര്‍ ഇറ്റഹാരിയിലുമാണ്.