* നിലവിലെ സ്ഥിതിഗതികള്‍ സുരക്ഷിതമെന്ന് വിദേശകാര്യമ മന്ത്രാലയം
* ഭീരുത്വ ആക്രമണമെന്ന് ഖത്തര്‍
* നീചമായ പ്രവര്‍ത്തനമെന്ന് യുഎഇ, ഖത്തറിനോട് എന്നും ഐക്യധാര്‍ഢ്യം
* ഇത് നിഷ്ഠൂരമായ ആക്രമണമെന്ന് കുവൈത്ത്
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ദോഹയില്‍ ഇസ്രയേല്‍ ആക്രമണം. ദോഹയിലെ കത്താര പ്രവിശ്യയിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ജനവാസമുള്ള ഭാഗമാണെന്നത് ഏറെ ഭീതിതമാണ്. ഹമാസ് നേതാക്കള്‍ താമസിക്കുന്നയിടവും അവരുടെ മീറ്റിംഗുകള്‍ നടക്കുന്ന സ്ഥലവുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇത് ഭീരുത്വ പ്രവര്‍ത്തനമാണെന്നും ഖത്തര്‍ അധികാരത്തിന് മുകളില്‍ ഒന്നിനേയും അനുവധിക്കില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും ജോര്‍ദാനും സഊദിയും രംഗത്തെത്തി.
ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണമുണ്ടായത്. ഏഴോളം ആക്രമണമാണ് നടന്നതെന്നും വലിയ സ്ഫോടന ശബ്ദം കേട്ടിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം നടന്ന പ്രദേശം ഉടനെ തന്നെ ഖത്തർ സൈന്യമേറ്റെടുക്കുകയും ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഔദ്യോഗിക വിവരങ്ങളില്ല. അതേ സമയം ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു പക്ഷേ എല്ലാ നേതാക്കളും സുരക്ഷിതരാണെന്നാണ് ഹമാസ് അറിയിച്ചത്.
ഖത്തര്‍ മധ്യസ്ഥതയില്‍ ഫലസ്തീന്‍-ഇസ്രയേല്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണം. ക്രൂരമായ ആക്രമണമെന്നാണ് കുവൈത്ത് ഇതിനെ വിശേഷിപ്പച്ചത്. എല്ലാ നിലക്കും ഖത്തറിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ലാഹ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ പ്രസിഡണ്ടിന്‍റെ ഉപദേഷ്ടാവ് അന്‍വാർ ഗാർഘാഷും സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ഇസ്രേയല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ദോഹയിലാണ് അവര്‍ തീവ്രവാദ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത് അത് കൊണ്ട് തീവ്രവാദത്തെ ഒരു നിലക്കും വെച്ച് പൊറുപ്പിക്കില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ആക്രമണത്തെ കുറിച്ച് ട്രംപിന് മുന്‍കൂട്ടി അറിയിച്ചുവെന്നും ഇസ്രയേല്‍ വക്താക്കള്‍ പറഞ്ഞു.

ആക്രമണത്തെ കുറിച്ച് അടിയന്തിരമായ അന്വേഷിച്ച് വരുകയാണ്. ഖത്തറിന്‍റെ പരമാധികാരത്തിന്‍റെ മേല്‍ കയ്യിടാന്‍ ആരെയും ഒരു നിലക്കും അനുവദിക്കില്ല. ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും അത് ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും ഖത്തര്‍ അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കേണ്ടതുള്ളുവെന്നു ജനങ്ങളോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.