22 അറബ് നേതാക്കളും 57 ഒഐസി നേതാക്കളും ഖത്തറില്‍ എത്തി
ദോഹ: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെയുള്ള നടപടി ശക്തിയാക്കാന്‍ വേണ്ടി ഖത്തർ വിളിച്ച അടിയന്തിര ഉച്ചകോടി നാളെ ഖത്തർ തലസ്ഥാന നഗരിയായ ദോഹയില്‍ നടക്കും. ലോകം കാതോര്‍ത്തിരിക്കുന്ന വിധി പ്രസ്താവങ്ങള്‍ നാളെ യോഗ ശേഷമേ പ്രഖ്യാപിക്കുകയുള്ളു. ഇസ്രയേലിനെതിരെയുള്ള നടപടിക്ക് പുറമെ മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായിരിക്കും ഉച്ചകോടി ഏറെ പ്രാധാന്യം നല്‍കുക.
യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദോഹയില്‍ എത്തിക്കഴിഞ്ഞു. 22 അറബ് നേതാക്കളും 57 ഒഐസി മെമ്പര്‍മാരും ഖത്തറിലെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായ് തീവ്ര ശ്രമം നടത്തുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. അത് കൊണ്ട് തന്നെ ഈ ആക്രമണത്തെ സമാധാനം കെടുത്താനുള്ള ഒരായുധമായി മാത്രമേ ഖത്തര്‍ കാണുകയുള്ളു. ദോഹ ആക്രമണത്തെ കുറിച്ച് പ്രമേയ അവതരിപ്പിക്കുമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വിദേകാര്യ മന്ത്രാലയ വക്താവ് മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
അതേ സമയം ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനി യുഎസ് പ്രസിഡണ്ടുമായി ന്യയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി നെതന്യാഹു ഉള്‍പ്പടെയുള്ള നേതാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഖത്തറിലെ ആക്രമണത്തെ കുറിച്ച് യുഎസിന്‍റെ നിലപാട് ഇസ്രയേലിനെ അറിയിച്ചതായി റൂബിയോ പറഞ്ഞിരുന്നു.
സെപ്തംബര്‍ 9നായിരുന്നു ഖത്തര്‍ തലസ്ഥാന നഗരിയായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ച് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനും ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ പിന്തുണയോടെ മുന്നോട്ടുവെച്ച വെടി നിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഹമാസ് നേതാക്കള്‍ ഒത്തുകൂടിയ കെട്ടിടത്തിലായിരുന്നു ആക്രമണം. പക്ഷേ ഹമാസ് തലവന്മാര്‍ എല്ലാവരും രക്ഷപ്പെട്ടിരുന്നു.