ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷമുണ്ടായ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറിക്കെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതി ഐസിസി തള്ളി. ഇതോടെ നാളെ പാക്കിസ്ഥാന്‍ യുഎഇക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിക്കുമോ ഇല്ലയോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യക്കെതിരെയുള്ള മത്സരത്തിന്‍റെ ടോസ് മുതലാണ് വിവാദത്തിന് തുടക്കമാവുന്നത്. ടോസ് ഇട്ട ശേഷം ഇരു ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഹസ്തദാനം ചെയ്യല്‍ പതിവാണ്. പക്ഷേ ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മാച്ച് റഫറി ആന്‍ഡ് പൈക്രോഫ്റ്റ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് കൈ കൊടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടതായ് പാക്ക് ക്യാപ്റ്റനും വെളിപ്പെടുത്തിയിരുന്നു. കളിയുടെ അവസാനത്തില്‍ സിക്‌സറടിച്ച് വിജയ റണ്‍ നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഡൂബേയും ഗ്രൗണ്ടിലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ഹസ്തദാനം നല്‍കിയിരുന്നില്ല, ഇതിന് പുറമെ ഡ്രസ്സിംഗ് റൂമിന്‍റെ വാതിലടച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. ഇതോടെ സമ്മാനദാന ചടങ്ങ് പാക്കിസ്ഥാന്‍ ക്യാപ്റ്റനും ബഹിഷ്‌കരിച്ചു.
മത്സരത്തിന് പിന്നാലെ മാച്ച് റഫറിയുടെ നിലപാടിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കുകയായിരുന്നു. ആന്‍ഡ് പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് മാറ്റണമെന്നായിരുന്നു പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഇല്ലെങ്കില്‍ അടുത്ത മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. നാളെ യുഎഇക്കെതിരെയാണ് പാക്കിസ്ഥാന്‍റെ അടുത്ത് മത്സരം, ഇതിലും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി. പക്ഷേ പാക്കിസ്ഥാന്‍ നല്കിയ പരാതി ഐസിസി തള്ളിയതോടെ നാളെ പാക്കിസ്ഥാന്‍റെ നിലപാട് നിർണ്ണായകമാവും.
ഹസ്തദാന വിഷയത്തില്‍ മാച്ച് റഫറി പൈക്രോഫ്റ്റിന് കാര്യമായ പങ്കില്ലെന്നാണ് ഐസിസിയുടെ നിലപാട്. അത് രാജ്യത്തിന്‍റെ നിലപാടായിരിക്കും. ടൂര്‍ണമെന്‍റിന്‍റെ മധ്യത്തില്‍ വെച്ച് മാച്ച് റഫറിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഐസിസിയുടെ വാദം. അത് കൊണ്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം സ്വീകരിക്കാനാവില്ലെന്നാണ് ഐസിസി വിലയിരുത്തിയത്.
മത്സരത്തിന് ശേഷം ഹസ്തദാന വിവാദത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍റെ പ്രതികരണം ഇതായിരുന്നു ‘തീരുമാനം ഞങ്ങളുടേതല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഗവണ്‍മെന്‍റെും തമ്മിലുള്ള തീരുമാനത്തോട് കൂറുപുലര്‍ത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഇവിടെ ഞങ്ങള്‍ കളിക്കാന്‍ വേണ്ടി വന്നു അതിന് വ്യക്തമായി മറുപടിയും നല്‍കി. ജീവിതത്തില്‍ ചില കാര്യങ്ങള്‍ കളിക്ക് പുറത്താണ്. പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് ഈ വിജയം ഞങ്ങള്‍ സമര്‍പ്പിക്കുന്നു. എന്നും ഇരകളോടൊപ്പവും അവരുടെ കുടുംബങ്ങളോടൊപ്പവും സിന്ദൂര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ജവാന്മാരൊടൊപ്പവും കൂടെയാണ്, അവര്‍ക്ക് ഐഖ്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.