ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന ബന്ധത്തില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മ്മദ് സിദ്ദീഖി അറസ്റ്റില്‍. ഇതോടൊപ്പം കള്ളപ്പണ ആരോപണവും ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് (ഇ.ഡി.) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ശേഷമുള്ള ഏറെ നിരീക്ഷണത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ സാന്നിധ്യത്തിലാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ അള്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന ചിലര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 52 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡോ. ഉമര്‍ നബിയും ഡോ. മുസമ്മില്‍ അഹ്മ്മദ് എന്നിവരെ ബന്ധിപ്പിക്കുന്ന നൂല്‍പ്പാലമായാണ് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് ഇതില്‍ ഭാഗമാവുന്നത്. മെഡിക്കല്‍ കോളേജിലെ ടെലിഗ്രാം ഗ്രൂപ്പും പോലീസ് പരിശോധിച്ചിരുന്നു.
നവംബര്‍ 10ന് വൈകുന്നേരം ഏഴ് മണിയോടടുത്ത സമയത്തായിരുന്നു രാജ്യ തലസ്ഥാനത്തെ തിരക്കേറിയ നഗരങ്ങളില്‍ സ്‌ഫോടനം നടന്നത്. 1997ലാണ് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് സ്ഥാപിതമാവുന്നത്. 2014ല്‍ അത് യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.