അഹമ്മദാബാദ്: വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന് തകർപ്പന്‍ ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ ബാബ അപരാജിതിന്‍റെ സെഞ്ചുറി മികവില്‍ കേരളം രണ്ട് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. ഒരു വിക്കറ്റും സെഞ്ചുറി നേടുകയും ചെയ്ത ബാബ അപരാജിത്ത് തന്നെയാണ് കളിയിലെ കേമന്‍.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കം നല്‍കാനായില്ല. ഓപ്പണർമാരെ ആദ്യം തന്നെ നഷ്ടപ്പെട്ട രാജസ്ഥാന് നാലാം വിക്കറ്റില്‍ കൂട്ടുചേര്‍ന്ന കരണ്‍ ലംബയും ദീപക് ഹൂഡയുമാണ് ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 165 പന്തുകളില്‍ 171 റണ്‍സ് നേടി. 83 പന്തില്‍ 86 റണ്‍സെടുത്ത ദീപക് ഹൂഡയെ ബാബ അപരാജിത്ത് പുറത്താക്കുകയായിരുന്നു. പിന്നീട് വന്നവരൊക്കെ കാര്യമായ സംഭാവന ചെയ്തില്ലെങ്കിലും തകര്‍ത്തടിച്ച് മടങ്ങുകയായിരുന്നു. ഒരറ്റത്ത് പുറത്താവാതെ നിന്ന കരണ്‍ ലംബ 119 റണ്‍സെടുത്തായിരുന്നു പുറത്തായത്. കേരളത്തിന് വേണ്ടി ശറഫുദ്ദീന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ ആദ്യ വിക്കറ്റില്‍ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബാബ അപരാജിത്തും കൃഷ്ണപ്രസാദും ചേര്‍ന്ന് കേരളത്തെ ശക്തമായ നിലയിലെത്തിച്ചു. 116 പന്തുകളില്‍ 12 ബൗണ്ടറിയും നാല് സിക്‌സറുമടുക്കം ബാബ 126 റണ്‍സ് നേടി. മറുവശത്ത് കൃഷ്ണ പ്രസാദ് 53 റണ്‍സും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത് 155 റണ്‍സായിരുന്നു. ഇരുവരും പുറത്തായതോടെ കളിയുടെ ഗതി തിരിഞ്ഞു. പിന്നീട് വന്നവരാരും ഭേദപ്പെട്ട പ്രകടനവും നടത്തിയില്ല.
കളിയുടെ അവസാ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന അങ്കിത് ശര്‍മ്മയും ഏദന്‍ ആപ്പിള്‍ ടോമും ചേര്‍ന്നാണ് കേരളത്തെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്. ഏദന്‍ വെറും 18 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സറുമടക്കം 46 റണ്‍സാണ് സ്വന്തമാക്കിയത്. അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് ഏദന്‍ കേരളത്തിന് വിജയം സമ്മാനിച്ചത്. അങ്കിത് ശര്‍മ്മ 11 പന്തില്‍ 27 റണ്‍സ് സ്വായത്തമാക്കി. രാജസ്ഥാന് നിരയില്‍ അനികേത് ചൗധരി നാല് വിക്കറ്റും മാനവ് സുതാര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.